Cricket

ബാബറിന്റെ ആ 3 വലിയ മണ്ടത്തരം പാക്കിസ്ഥാന്റെ കഥകഴിച്ചു!! കളിമാറിയത് ഇങ്ങനെ

ഐസിസി ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു അസോസിയേറ്റ് രാജ്യത്തോട് തോല്‍ക്കേണ്ടി വന്നതിന്റെ നാണക്കേടിലാണ് പാക്കിസ്ഥാന്‍. ആതിഥേയരായ അമേരിക്കയ്‌ക്കെതിരേ സൂപ്പര്‍ ഓവര്‍ വരെ കളിച്ചിട്ടും ജയിക്കാന്‍ പറ്റാതിരുന്ന പാക്കിസ്ഥാന് ലോകകപ്പിലെ നിലനില്‍പ്പും പ്രശ്‌നത്തിലായിട്ടുണ്ട്. അടുത്ത മല്‍സരത്തില്‍ ബദ്ധവൈരികളായ ഇന്ത്യയോട് തോറ്റാല്‍ അവരുടെ ലോകകപ്പ് ഏറെക്കുറെ അവസാനിക്കും.

അമേരിക്കയോട് തോല്‍ക്കാനുള്ള കാരണങ്ങളിലൊന്ന് പാക് നായകന്‍ ബാബര്‍ അസത്തിന്റെ ക്യാപ്റ്റന്‍സിയും മുടന്തിയുള്ള ബാറ്റിംഗുമാണ്. 43 പന്തുകള്‍ നേരിട്ട് വെറും 44 റണ്‍സ് മാത്രമാണ് പാക് നായകന് നേടാനായത്. ആദ്യ പത്തോവറില്‍ ബാബറിന്റെ മന്ദഗതിയിലുള്ള ബാറ്റിംഗാണ് അമേരിക്കയ്ക്ക് കളിയില്‍ മേധാവിത്വം നേടിക്കൊടുത്തത്.

പാക് നിരയില്‍ മിനിമം 10 പന്തെങ്കിലും നേരിട്ടവരില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റും ബാബറിനാണ്. പക്ഷേ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഏറ്റവും വലിയ മണ്ടത്തരം കാണിച്ചത് ഫീല്‍ഡിലാണ്. അവസാന പന്തില്‍ അമേരിക്കയ്ക്ക് ജയിക്കാന്‍ 5 റണ്‍സ് വേണ്ടുന്ന സമയം.

ക്രിക്കറ്റിലെ ഏറ്റവും നിര്‍ണായക പൊസിഷനുകളിലൊന്നാണ് ലോംഗ് ഓഫ്. എന്നാല്‍ അവസാന പന്തില്‍ ഫീല്‍ഡറെ 30 വാരയ്ക്കകത്ത് മിഡോഫില്‍ നിര്‍ത്തിയുള്ള ബാബറിന്റെ പ്ലാനിംഗ് തെറ്റി. ഈ പന്തില്‍ ബൗണ്ടറി കണ്ടെത്തി നിതീഷ് കുമാര്‍ അമേരിക്കയെ സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചു.

സൂപ്പര്‍ ഓവറിലും ബാബറിന്റെ ക്യാപ്റ്റന്‍സി പാക്കിസ്ഥാന് പണികൊടുത്തു. നന്നായി പന്തെറിഞ്ഞ് പാക്കിസ്ഥാനെ കളിയിലേക്ക് തിരിച്ചെത്തിച്ച നസീം ഷായ്ക്ക് പകരം തുടര്‍ച്ചയായി വൈഡ് എറിഞ്ഞിരുന്ന മുഹമ്മദ് ആമിറിനെയാണ് ബാബര്‍ സൂപ്പര്‍ ഓവറിലെ ദൗത്യം ഏല്പിച്ചത്.

ഇടംകൈയന്‍ ബാറ്റര്‍ ഹര്‍മീത് സിംഗിനെതിരേ നിരന്തരം വൈഡെറിഞ്ഞ് അമേരിക്കയെ 18 റണ്‍സ് വരെ എത്താന്‍ അനുവദിച്ചത് ആമിറിന്റെ മോശം ബൗളിംഗ് ആയിരുന്നു. 19 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ ഇഫ്തിക്കര്‍ അഹമ്മദ് പുറത്തായപ്പോള്‍ കയറ്റിവിട്ടത് കൂറ്റനടികള്‍ക്ക് പറ്റാത്ത ഷദാബ് ഖാനെയും. അസം ഖാന്‍ ഉള്‍പ്പെടെ സിക്‌സറുകള്‍ നേടാന്‍ ശേഷിയുള്ളവര്‍ നില്‍ക്കേ ബാബറെടുത്ത ഈ തീരുമാനവും അവര്‍ക്ക് തിരിച്ചടിയായി.

Related Articles

Back to top button