Cricket

ഗില്ലിന്റെ ഇന്ത്യയിലേക്കുള്ള മടക്കം അച്ചടക്ക നടപടിയുടെ ഭാഗമായി ? ഇന്‍സ്റ്റഗ്രാമില്‍ രോഹിതിനെ അണ്‍ഫോളോ ചെയ്ത്‌ യുവതാരം

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ട്രാവലിംഗ് റിസര്‍വായി ഉള്‍പ്പെടുത്തിയിരുന്ന ശുഭ്മാന്‍ ഗില്ലിനെയും ആവേശ് ഖാനെയും ഗ്രൂപ്പ് മത്സരങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗില്ലിനെയും ആവേശ് ഖാനെയും കാനഡക്കെതിരായ ഗ്രൂപ്പ് മത്സരത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും റിങ്കു സിംഗും ഖലീല്‍ അഹമ്മദും ട്രാവലിംഗ് റിസര്‍വായി ടീമിനൊപ്പം തുടരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

ഇതേത്തുടര്‍ന്ന് ഇരു താരങ്ങളെയും അച്ചടക്ക നടപടിയുടെ ഭാഗമായാണ് തിരിച്ചയയ്ക്കുന്നതെന്ന തരത്തില്‍ വാര്‍ത്തകളും പരന്നിരുന്നു.

എന്നാല്‍ ഇരുവരെയും തിരിച്ചയയ്ക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം വൃത്തങ്ങളുടെ വിശദീകരണം.

ടീമിലെ ആര്‍ക്കും പരിക്കില്ലാത്തതിനാലും പ്ലേയിംഗ് ഇലവനില്‍ വലിയ പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാലും ആവശ്യമെങ്കില്‍ ഗ്രൂപ്പ് 8 പോരാട്ടങ്ങള്‍ക്ക് വേദിയാവുന്ന വെസ്റ്റ് ഇന്‍ഡീസിലേക്ക് ഇവരെ തിരിച്ചുവിളിക്കാനാവുമെന്നതും കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്.

എന്നാല്‍ പിന്നാലെ ഗില്ലിനെയും ആവേശിനെയും തിരിച്ചക്കുന്നത് അച്ചടക്ക നടപടിയുടെ ഭായമായാണെന്ന റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നു.

ടീമിനൊപ്പം യാത്ര ചെയ്യുന്ന ട്രാവലിംഗ് റിസര്‍വ് താരമാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനോ ടീമിനൊപ്പം സമയം ചെലവിടാനോ ഗില്ലിന് താല്‍പര്യമില്ലെന്നും അമേരിക്കയില്‍ വ്യക്തിഗത കാര്യങ്ങള്‍ക്കും ബിസിനസ് കാര്യങ്ങള്‍ക്കുമായാണ് ഗില്‍ സമയം ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ ട്രാവലിംഗ് റിസര്‍വുകളായ റിങ്കു സിംഗും ആവേശ് ഖാനും ഖലീല്‍ അഹമ്മദും സ്റ്റേഡിയത്തിലുണ്ടായിരുന്നെങ്കിലും ഗില്ലിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.

ഇതാണ് ഗില്ലിനെ തിരിച്ചയക്കാന്‍ കാരണമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായല്ല ഗില്ലിനെ തിരിച്ചയക്കുന്നതെന്ന് ഇന്ത്യന്‍ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഗില്‍ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്.

വിരാട് കോഹ്‌ലിയെ ഫോളോ ചെയ്യുന്ന ഗില്‍ എന്തുകൊണ്ട് രോഹിതിനെ ഫോളോ ചെയ്യുന്നില്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം മോശമായതിന് തെളിവാണിതെന്നും ആരാധകര്‍ ആരോപിക്കുന്നു.

Related Articles

Back to top button