Cricket

അടിപൊളി ബാ പോവാം !! ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ടസ്‌കിന്‍ കളിക്കാഞ്ഞതിന്റെ കാരണം കേട്ട് ഞെട്ടി ആരാധകര്‍

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിന്റെ മുന്‍നിര പേസര്‍ ടസ്‌കിന്‍ അഹമ്മദ് കളിച്ചിരുന്നില്ല. എന്തു കൊണ്ടാണ് ടസ്‌കിനെ കളത്തിലിറക്കാഞ്ഞതെന്ന് പലരും ചിന്തിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഇതിന്റെ കാരണം വ്യക്തമായിക്കുകയാണ്. ഉറക്കമുണരാന്‍ വൈകിയതിനെത്തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കുള്ള ടീം ബസ് നഷ്ടമായതുകൊണ്ടാണ് ടസ്‌കിന് ഇന്ത്യക്കെതിരായ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്നതെന്ന് ബംഗ്ലാദേശ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.

ടസ്‌കിന്‍ ഉറക്കമുണരാത്തതിനെത്തുടര്‍ന്ന് ടീം ഒഫീഷ്യലുകളിലൊരാള്‍ക്ക് താരം ഉണരുന്നതുവരെ ഹോട്ടലില്‍ തന്നെ തങ്ങേണ്ടിവന്നുവെന്നും പിന്നീട് ടസ്‌കിനെയും കൂട്ടി ഈ ഒഫീഷ്യല്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്കെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ടസ്‌കിന് പകരം തന്‍സിം ഹസന്‍ സാകിബ് പ്ലേയിംഗ് ഇലവനിലെത്തിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു.

ബംഗ്ലാദേശ് പരിശീലകന്‍ ചണ്ഡിക ഹതുരുസിംഗയുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണ് ടസ്‌കിനെ ഒഴിവാക്കിയതെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ടീം വൃത്തങ്ങള്‍ അത് നിഷേധിക്കുകയായിരുന്നു.

ഒഴിവാക്കാനുള്ള കാരണം വ്യക്തിപരമല്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ ടസ്‌കിന്‍ എങ്ങനെയാണ് കളിച്ചതെന്നും ടീമിനോട് അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി

ഉണരാന്‍ വൈകിയതിനും ടീമിനോടൊപ്പം യാത്ര ചെയ്യാന്‍ കഴിയാത്തതിനും ടസ്‌കിന്‍ മാപ്പ് പറഞ്ഞുവെന്നും അതൊരു വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ സംഭവത്തില്‍ ബംഗ്ലാദേശ് കോച്ചോ ക്രിക്കറ്റ് ബോര്‍ഡോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മത്സരത്തില്‍ ടസ്‌കിന് പകരം കളിച്ച തന്‍സിം 32 റണ്‍സ് വഴങ്ങി വിരാട് കോഹ്‌ലിയുടെയും സൂര്യകുമാര്‍ യാദവിന്റെയും വിക്കറ്റുകളെടുത്തിരുന്നു.

സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെ നേടാനായുള്ളു.

Related Articles

Back to top button