Cricket

ഇന്ത്യയില്‍ രക്ഷയില്ലെന്ന് കണ്ട് അമേരിക്കയിലേക്ക് വിമാനം കയറി !! സൗരഭ് നേത്രവല്‍ക്കര്‍ ഇന്ന് അമേരിക്കയുടെ ജസ്പ്രീത് ബുംറ

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെ അട്ടിമറിച്ച് അമേരിക്കന്‍ ടീം വീരഗാഥ രചിക്കുമ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചതാവട്ടെ ഒരു മുന്‍ ഇന്ത്യന്‍ താരവും.

റെഗുലര്‍ ഓവറിലും സൂപ്പര്‍ ഓവറിലും പാക്കിസ്ഥാനെ പിടിച്ചു കെട്ടിയത് നേത്രവല്‍ക്കറിന്റെ ബൗളിംഗായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനെ 159 റണ്‍സില്‍ തളച്ചത് നേത്രവല്‍ക്കറിന്റെ ഉജ്ജ്വല ബൗളിംഗായിരുന്നു.

നാലോവറില്‍ വെറും 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ആദ്യ സ്‌പെല്ലില്‍ മൂന്നോവറില്‍ വെറും എട്ടു റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തതെന്നോര്‍ക്കണം.

ഒടുവില്‍ മത്സരം സൂപ്പര്‍ ഓവറിലെത്തിയപ്പോള്‍ പാക്കിസ്ഥാന് ജയിക്കാന്‍ 19 റണ്‍സ് വേണ്ടിയിരിക്കെ അവരെ 13 റണ്‍സില്‍ തളച്ചതും നേത്രവല്‍ക്കറിന്റെ ബൗളിംഗ് മികവു തന്നെ.

ഒരുകാലത്ത് മുംബൈ ക്രിക്കറ്റിന്റെ അഭിമാന താരമായിരുന്നു സൗരഭ്. 2010ലെ അണ്ടര്‍-19 ലോകകപ്പില്‍ കളിച്ച താരം. അന്ന് ഇന്ത്യ പാക്കിസ്ഥാനോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.

അക്കാലത്ത് സൗരഭിന്റെ സഹതാരങ്ങളായിരുന്ന കെ.എല്‍ രാഹുലും മായങ്ക് യാദവും ജയദേവ് ഉനദ്കട്ടും പിന്നീട് ഇന്ത്യന്‍ സീനിയര്‍ ടീമിലെ അംഗങ്ങളായി. കൗമാര ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗരഭിന്റെ എതിരാളിയായിരുന്ന ബാബര്‍ അസം പാക്കിസ്ഥാന്റെ നായകനായി വളരുകയും ചെയ്തു.

എന്നാല്‍ ക്രിക്കറ്റര്‍മാരുടെ സൂപ്പര്‍മാര്‍ക്കറ്റായ ഇന്ത്യയില്‍ സൗരഭിന്റെ ക്രിക്കറ്റ് കരിയര്‍ എങ്ങും എത്തിയില്ല. ഒടുവില്‍ തന്റെ എല്ലാമെല്ലാമായ ക്രിക്കറ്റ് ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

അങ്ങനെ, കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടുന്നതിന് വേണ്ടിയിട്ടാണ് സൗരഭ് യുണൈറ്റഡ് സ്റ്റേറ്റ്സിലേയ്ക്ക് വിമാനം കയറിയത്. സ്വന്തം ക്രിക്കറ്റ് കിറ്റ് ഇന്ത്യയില്‍ ഉപേക്ഷിച്ചിട്ടായിരുന്നു ആ യാത്ര.

എന്നാല്‍ ക്രിക്കറ്റ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതിനാല്‍ ഏറെ നാള്‍ കളിയെ പിരിഞ്ഞിരിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല. അമേരിക്കയിലെ പഠനകാലത്ത് അയാള്‍ വീണ്ടും പന്ത് കൈയ്യിലെടുത്തു.

പിന്നീട് യുഎസ് ദേശീയ ടീമില്‍ ഇടം നേടി. കാലത്തിന്റെ കാവ്യ നീതിയെന്ന പോലെ മറ്റൊരു ലോകകപ്പില്‍ തന്നെ തോല്‍പ്പിച്ച ബാബര്‍ അസമിന്റെ ടീമിനെ തോല്‍പ്പിക്കാനും അവസരം ലഭിച്ചു.

റഗ്ബിയും അമേരിക്കന്‍ ഫുട്‌ബോളും ബാസ്‌ക്കറ്റ്‌ബോളും അരങ്ങുവാഴുന്ന അമേരിക്കയില്‍ പതിയെ ക്രിക്കറ്റ് ചുവടുറപ്പിക്കുകയാണ്. മേജര്‍ ലീഗ് ക്രിക്കറ്റ് പോലുള്ളവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെ ഉദാഹരണം.

കരിയര്‍ അവസാനിക്കുമ്പോഴേക്കും അമേരിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായി മാറാനുള്ള ത്രാണി സൗരഭ് നേത്രവല്‍ക്കറിനുണ്ടെന്ന് തീര്‍ച്ച.

ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച അമേരിക്ക പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. അടുത്ത മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ജയിച്ച് സൂപ്പര്‍ എട്ട് ഉറപ്പിക്കാനാവും നേത്രവല്‍ക്കറും സംഘവും ശ്രമിക്കുക.

Related Articles

Back to top button