Cricket

ഇത്രയും ഗതികെട്ടവര്‍ ലോകത്ത് വേറെയുണ്ടോ ഈശ്വരാ!! ഒമ്പതുകളികളില്‍ എട്ടു ജയം; ഒടുവില്‍ എലിമിനേറ്റര്‍ കളിക്കേണ്ട ഗതികേടും

വന്‍വീഴ്ചകള്‍ എന്നു മാത്രമേ രാജസ്ഥാന്‍ റോയല്‍സിന്റെ പതനത്തെ വിശേഷിപ്പിക്കാനാവൂ. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരം മഴയില്‍ ഒലിച്ചുപോയതോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ നഷ്ടമാണുണ്ടായത്.

പഞ്ചാബിനെതിരായ മത്സരം ഹൈദരാബാദ് ജയിച്ചതോടെ അവര്‍ രണ്ടാം സ്ഥാനക്കാരായി ആദ്യ ക്വാളിഫയര്‍ ഉറപ്പിച്ചപ്പോള്‍ എലിമിനേറ്റര്‍ കളിച്ച് ടൂര്‍ണമെന്റില്‍ നിലനില്‍ക്കേണ്ട അവസ്ഥയാണ് രാജസ്ഥാന് വന്നു ഭവിച്ചത്.

രണ്ടാമതുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനും 17 പോയിന്റാണുള്ളതെങ്കിലും നെറ്റ് റണ്‍റേറ്റിലെ മുന്‍തൂക്കം ഹൈദരാബാദിനെ മുമ്പിലെത്തിച്ചു.

ഇതോടെയാണ് രാജസ്ഥാന് നാലാം സ്ഥാനക്കാരായ ആര്‍സിബിയുമായി എലിമിനേറ്റര്‍ കളിക്കേണ്ടി വരുന്നത്.

പോയിന്റ് പട്ടികയില്‍ ഒന്നാമന്മാരായി പ്ലേഓഫ് കളിക്കുമെന്ന് വിചാരിച്ചിരുന്ന ടീമാണ് ഇപ്പോള്‍ ഈ ദുരവസ്ഥയെ നേരിടുന്നത്.

ആദ്യ ഒമ്പത് മത്സരങ്ങളില്‍ എട്ടിലും ജയിച്ച ടീം പിന്നീടുള്ള അഞ്ചു മത്സരങ്ങളില്‍ നാലിലും തോറ്റു. അവസാന മത്സരം മഴ കൊണ്ടുപോവുകയും ചെയ്തു. അവസാന അഞ്ചു മത്സരങ്ങളില്‍ നിന്ന് കേവലം ഒരു പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാനായത്.

അതേസമയം ആദ്യ എട്ടുകളികളില്‍ ഒരു ജയം മാത്രമുണ്ടായിരുന്ന ആര്‍സിബിയാവട്ടെ പിന്നീടുള്ള ആറു മത്സരങ്ങളും ജയിച്ചാണ് പ്ലേഓഫിലെത്തിയത്.

ജോസ് ബട്ലറും നാട്ടിലേക്ക് മടങ്ങിയതും ഷിംറോണ്‍ ഹെറ്റ്മെയറുടെ പരിക്കും യശസ്വി ജയ്സ്വാളിന്റെ മോശം ഫോമുമെല്ലാം രാജസ്ഥാന് നല്‍കിയത് വന്‍ തിരിച്ചടിയാണ്. നിലവില്‍ ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലമായ ഓപ്പണിംഗ് രാജസ്ഥാന്റേതാണ്.

പവര്‍പ്ലേയില്‍ റണ്‍ നേടാന്‍ കഷ്ടപ്പെടുന്ന രാജസ്ഥാന്‍ ടീമിനെയാണ് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്. 22ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആര്‍സിബി – രാജസ്ഥാന്‍ എലിമിനേറ്റര്‍.

21ന് അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും.

ഇതിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍-ആര്‍സിബി എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ കളിക്കും. നിലവിലെ ഫോമില്‍ രാജസ്ഥാന്‍ ഫൈനലിലെത്താന്‍ ഏറെ പ്രയത്‌നിക്കേണ്ടി വരും.

Related Articles

Back to top button