Cricket

ഇനി മഴ കളി മുടക്കില്ല !! മഴയത്തും ക്രിക്കറ്റ് കളിക്കാനാവുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു…

ഫുട്‌ബോള്‍ മത്സരങ്ങളില്‍ മഴ ഒരു പ്രശ്‌നമല്ലെങ്കിലും ക്രിക്കറ്റ് മത്സരങ്ങളില്‍ മഴ പലപ്പോഴും വില്ലനാവാറുണ്ട്. മഴ ചതിച്ചപ്പോള്‍ പല ടീമുകളുടെയും സ്വപ്‌നങ്ങള്‍ തന്നെ തകര്‍ന്നടിഞ്ഞിട്ടുണ്ട്. ദക്ഷിണാഫ്രിക്ക പോലുള്ള ടീമുകളോടു ചോദിച്ചാല്‍ അവര്‍ അതേപ്പറ്റി കൂടുതല്‍ പറഞ്ഞു തരും.

എന്നാല്‍ പെരുമഴയത്തും ക്രിക്കറ്റ് കളിക്കാവുന്ന ഒരു സ്റ്റേഡിയം വന്നാല്‍ എങ്ങനെയുണ്ടാവും.’ഓസ്‌ട്രേലിയ ഫുട്‌ബോള്‍ ലീഗ്’ ടീമായ ടാസ്‌മേനിയന്‍ പണിയുന്ന പുതിയ സ്റ്റേഡിയമാണ് ഇത്തരത്തിലൊരു പ്രത്യാശ പങ്കുവെയ്ക്കുന്നത്.

ക്രിക്കറ്റ് ഉള്‍പ്പടെയുള്ള നിരവധി വിനോദങ്ങള്‍ക്ക് ഉപകാരപ്പെടും വിധമാണ് സ്റ്റേഡിയം പണിയുന്നത്. റൂഫുകളുള്ള സ്റ്റേഡിയം ആയതിനാല്‍ ഏത് കാലാവസ്ഥയിലും ഇവിടെ ക്രിക്കറ്റ് ഉള്‍പ്പടെയുള്ള വിനോദങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

‘ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗില്‍’ ടാസ്‌മേനിയന്‍ ടീം സ്വന്തം സ്റ്റേഡിയത്തില്‍ മത്സരത്തിനിറങ്ങുന്നത് കാണുകയാണ് ലക്ഷ്യമെന്ന് ടീം അധികൃതര്‍ പ്രതികരിച്ചു.

ഒപ്പം ഒരുപാട് മറ്റ് സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഉണ്ടാകും. എന്നാല്‍ ക്രിക്കറ്റ് നടത്തുകയാണ് ഇപ്പോള്‍ ഒരു ആശങ്കയായി നിലനില്‍ക്കുന്നത്. പന്ത് റൂഫില്‍ തട്ടാനുള്ള സാധ്യതയുണ്ട്. എങ്കിലും റൂഫിന്റെ ഉയരം പന്ത് തട്ടുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞേക്കുമെന്നും അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

23,000ത്തോളം പേര്‍ക്ക് സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. കാണികള്‍ക്ക് കൂടുതല്‍ അടുത്ത് മത്സരം കാണാന്‍ കഴിയുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന നടത്തുക.

ഉടന്‍ തന്നെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിര്‍മാണം പൂര്‍ത്തിയായാല്‍ ഓസ്‌ട്രേലിയയില്‍ മഴക്കാലത്ത് പര്യടനത്തിനെത്തുന്ന ടീമുകളുടെ മത്സരങ്ങള്‍ ഇവിടെ വച്ച് നടത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button