Cricket

ധോണിയുടെ ടീമിനെ വീഴ്ത്തിയ സിംബാബ് വെയെക്ക് ഗില്ലിന്റെ ടീമിനെ വീഴ്ത്താന്‍ പ്രയാസമുണ്ടാവുമോ ? രണ്ടും കല്‍പ്പിച്ച് ആതിഥേയര്‍

ട്വന്റി20 ലോകകിരീടം നേടിയതിനു ശേഷമുള്ള ആദ്യ പരമ്പരയ്ക്കായാണ് ഇന്ത്യന്‍ ടീം സിംബാബ് വെയില്‍ എത്തിയിരിക്കുന്നത്.

സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി യുവതാരങ്ങളുമായി ഇന്ത്യന്‍ സംഘം അഞ്ചു മത്സര ട്വന്റി20 പരമ്പരയ്ക്കിറങ്ങുന്നത്.

ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമിന്റെ പരിശീലകന്‍ വിവിഎസ് ലക്ഷ്മണാണ്. സിംബാബ് വെയെപ്പോലെ ഒരു കുഞ്ഞന്‍ ടീമിനെതിരേ ഇന്ത്യ സാധാരണ ഗതിയില്‍ വന്‍താരനിരയെ അയയ്ക്കാറില്ല.

ട്വന്റി20 ലോകകപ്പില്‍ കളിച്ചവര്‍ക്കെല്ലാം വിശ്രമം നല്‍കിയിരിക്കുകയാണ്. പരമ്പര വിജയമെന്നതിലുപരി എല്ലാ മത്സരങ്ങളും ജയിക്കുക എന്നതു മാത്രമാവും ഇന്ത്യയുടെ ലക്ഷ്യം.

ഇതുവഴി ശ്രീലങ്കന്‍ പര്യടനത്തിന് മികച്ച തയ്യാറെടുപ്പുകള്‍ നടത്താനുമാവും. അതേസമയം ട്വന്റി20യില്‍ സിംബാബ് വെയെ അത്രയ്ക്ക് വിലകുറച്ചു കാണാനാവില്ല.

ഇന്ത്യയെ വിറപ്പിക്കാന്‍ ശേഷിയുള്ള താരനിരയാണ് ആതിഥേയരുടേത്. സ്വന്തം തട്ടകത്തില്‍ ഇന്ത്യയെ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചാലും അത്ഭുതപ്പെടാനാവില്ല.

ഇന്ത്യയെ ടി20യില്‍ രണ്ട് തവണ തോല്‍പ്പിക്കാന്‍ സിംബാബ്‌വെക്ക് സാധിച്ചിട്ടുണ്ട്. എംഎസ് ധോണി നയിച്ച ഇന്ത്യന്‍ സംഘത്തെ തോല്‍പ്പിച്ച ടീമാണ് സിംബാബ്‌വെ. 2016ലായിരുന്നു ഈ മത്സരം.

അന്ന് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 6 വിക്കറ്റിന് 170 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി 168ല്‍ അവസാനിച്ചു.

ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, ജയദേവ് ഉനദ്ഘട്ട് എന്നിവരെല്ലാം കളിച്ച മത്സരമായിരുന്നു എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്.

കെ എല്‍ രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് , എം.എസ് ധോണി എന്നിങ്ങനെ ശക്തമായ ബാറ്റിംഗ് നിരയും ഉണ്ടായിട്ട് ഇന്ത്യ രണ്ടു റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

യുവതാരങ്ങളോടൊപ്പം അനായാസം പരമ്പര നേടാന്‍ ഇത്തവണ ഇന്ത്യ ഇറങ്ങുമ്പോള്‍ മറുവശത്ത് സിക്കന്ദര്‍ റാസ നയിക്കുന്ന സിംബാബ് വെ നിരയില്‍ മികവുറ്റ ഒരു പിടി താരങ്ങളുണ്ട്.

ഫറാശ് അക്രം, ജൊനാതന്‍ കാംബെല്‍, ലൂക്ക് ജോങ്വെ, വെല്ലിങ്ടണ്‍ മസ്‌കഡ്സ,ആന്റം നഖ്വി, റയാന്‍ ബേള്‍ എന്നിവരെല്ലാം ഇന്ത്യക്ക് തലവേദന ഉയര്‍ത്താന്‍ ശേഷിയുള്ള താരങ്ങളാണ്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ ഐപിഎല്ലില്‍ പരാജയമായ ശുഭ്മാന്‍ ഗില്ലിന് മികവു തെളിയിക്കാനുള്ള അവസരമാണിത്.

റിതുരാജ് ഗെയ്ക് വാദ്, റിങ്കു സിങ് എന്നിവരോടൊപ്പം സഞ്ജു സാംസണ്‍, യശ്വസി ജയ്സ്വാള്‍, ശിവം ദുബെ എന്നിവരും പരമ്പരയ്ക്കുണ്ട്. എന്നാല്‍ ട്വന്റി20 ലോകകപ്പിന് ശേഷം ഇന്നാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. വിശ്രമത്തിന് ശേഷം ടീമിലേക്കെത്തുമ്പോള്‍ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ ഇവര്‍ക്ക് നഷ്ടമാവും.

അതേ സമയം ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, സായ് സുദര്‍ശന്‍ എന്നീ യുവതാരങ്ങള്‍ക്കെല്ലാം വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. ധ്രുവ് ജൂറല്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇത് അരങ്ങേറ്റമാവും. ധ്രുവ് ജൂറല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്നു.

സഞ്ജുവും ജയ്സ്വാളും തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്ത് പകരും. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍ക്കാതെ മുന്നോട്ട് പോവുകയെന്നത് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്ന് പറയാം. സിംബാബ് വെയിലെ സാഹചര്യങ്ങളോട് ഇന്ത്യന്‍ താരങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നത് അടിസ്ഥാനമാക്കിയിരിക്കും ഇന്ത്യയുടെ ജയ-പരാജയങ്ങള്‍.

Related Articles

Back to top button