Cricket

അഫ്ഗാനിസ്ഥാന്റെ സെമി പ്രവേശം !! ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് താലിബാന്‍

ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ സെമി ഫൈനലില്‍ എത്തിയതിനു പിന്നാലെ ഇന്ത്യയോടു നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം.

അഫ്ഗാന്‍ ടീം ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഐസിസി ടൂര്‍ണമെന്റിന്റെ അവസാന നാലിലെത്തുന്നത്. താലിബാന്‍ ഇന്ത്യയുടെ സംഭാവനകളെ അംഗീകരിക്കുകയും അതിന് നന്ദി അറിയിക്കുകയും ചെയ്യുകയായിരുന്നു.

”അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് ഇന്ത്യ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണക്ക് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ അതിനെ അഭിനന്ദിക്കുന്നു.” താലിബാന്റെ രാഷ്ട്രീയ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന്‍ വിയോണ്‍ ന്യൂസിനോട് പറഞ്ഞു.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ വിജയത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കാണുള്ളത്. ഗ്രേറ്റര്‍ നോയിഡ, ലഖ്നൗ, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ ഗ്രൗണ്ടുകള്‍ അനുവദിച്ചിട്ടുണ്ട്.

അടുത്ത മാസം നോയിഡയിലും കാണ്‍പൂരിലും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ മൂന്ന് മത്സര ഏകദിന, ടി20 പരമ്പര കളിക്കും.

ഇന്ത്യന്‍ കമ്പനികളാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. അഫ്ഗാന്‍ താരങ്ങളുടെ മിന്നും ഫോമിന് പിന്നില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും വലിയ പങ്കുണ്ട്.

അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ്. മുഹമ്മദ് നബി, നൂര്‍ അഹമ്മദ്, നവീന്‍ ഉള്‍ ഹഖ്, ഗുല്‍ബാദിന്‍ നയ്ബ് എന്നിവരെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

Related Articles

Back to top button