Cricket

കളിച്ചത് വെറും 64 മത്സരങ്ങള്‍ !! വിരാട് കോഹ്‌ലിയുടെ ലോക റെക്കോഡിനൊപ്പമെത്തി സൂര്യകുമാര്‍ യാദവ്

ട്വന്റി20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ സൂപ്പര്‍ എട്ട് പോരാട്ടത്തിനിറങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരേ 47 റണ്‍സിന്റെ വിജയം നേടിയിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിംഗ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. മൂന്നാം ഓവറില്‍ രോഹിതും പവര്‍പ്ലേക്ക് തൊട്ടുപിന്നാലെ ഏഴാം ഓവറില്‍ റിഷഭ് പന്തും മടങ്ങിയതിന് പിന്നാലെയാണ് സൂര്യകുമാര്‍ ക്രീസിലെത്തിയത്.

അധികം വൈകാതെ വിരാട് കോഹ്‌ലി കൂടി പുറത്തായതോടെ ഒമ്പതാം ഓവറില്‍ 63-3 എന്ന നിലയില്‍ ഇന്ത്യ പതറുകയും ചെയ്തു.

എന്നാല്‍ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ സമ്മര്‍ദമകറ്റുകയായിരുന്നു. ഇതിനിടെ ടീം സ്‌കോര്‍ 100 കടക്കും മുമ്പ് ശിവം ദുബെ കൂടി പുറത്തായെങ്കിലും ഹാര്‍ദിക്ക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ ഇന്ത്യയെ സുരക്ഷിതമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

വിക്കറ്റുകള്‍ നഷ്ടമാകുമ്പോഴും സ്‌കോറിംഗ് വേഗം കാത്ത സൂര്യയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്. 26 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സൂര്യകുമാര്‍ 28 പന്തില്‍ 53 റണ്‍സെടുത്ത് പുറത്തായി.

കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സൂര്യകുമാറായിരുന്നു.രാജ്യാന്തര ട്വന്റി20യില്‍ ഇത് പതിനഞ്ചാം തവണയാണ് സൂര്യകുമാര്‍ യാദവ് കളിയിലെ താരമാകുന്നത്. 64 മത്സരങ്ങളില്‍ നിന്നാണ് സൂര്യയുടെ ഈ നേട്ടം.

ഇതോടെ ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും സൂര്യയ്ക്കായി.

കോഹ്‌ലി 121 മത്സരങ്ങളില്‍ നിന്നാണ് 15 തവണ കളിയിലെ താരമായതെങ്കില്‍ സൂര്യകുമാറിന് നേട്ടത്തിലെത്താന്‍ അതിന്റെ പകുതി മാത്രം മത്സരം മതിയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 20 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. നാലോവറില്‍ ഏഴു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

Related Articles

Back to top button