Cricket

ആ തര്‍ക്കിച്ചവന്മാരെയൊക്കെ ഇങ്ങു വിളി!! സൂര്യകുമാറിന്റെ ക്യാച്ച് വിവാദമാക്കുന്നവര്‍ക്കുള്ള ചുട്ട മറുപടി

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയെങ്കിലും ചിലര്‍ക്ക് ഇപ്പോഴും അത് അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല.

അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത നിര്‍ണായക ക്യാച്ചിനെ ചൂണ്ടിക്കാട്ടി വിവാദങ്ങള്‍ ഉയര്‍ത്തുകയാണ് ഒരു വിഭാഗം ആളുകള്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ഫുള്‍ട്ടോസായപ്പോള്‍ ലോംഗ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച ഡേവിഡ് മില്ലറെ സൂര്യകുമാര്‍ യാദവ് അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് ബൗണ്ടറിക്ക് പുറത്തേക്ക് പോകും മുമ്പ് പന്ത് വായുവിലേക്ക് എറിഞ്ഞ് തിരികെ ബൗണ്ടറിക്ക് ഉള്ളില്‍ കയറി സൂര്യകുമാര്‍ ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യയുടെ ജയം ഉറപ്പിച്ച ക്യാച്ചായിരുന്നു അത്.

എന്നാല്‍ സൂര്യയുടെ ക്യാച്ചിനെക്കുറിച്ച് ദക്ഷിണാഫ്രിക്കക്ക് പരാതിയില്ലെങ്കിലും ക്യാച്ചെടുക്കുമ്പോള്‍ സൂര്യയുടെ കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടിയെന്നും ബൗണ്ടറി കുഷ്യന്‍ യഥാര്‍ത്ഥ സ്ഥാനത്തല്ലായിരുന്നു പിന്നിലേക്ക് തള്ളി നീക്കിയിരുന്നുവെന്നുമായിരുന്നു ചില കുബുദ്ധികളുടെ പ്രചരണം.

അവരുടെ വാദം ശരിവയ്ക്കാന്‍ സംശയകരമായ ആംഗിൡകളില്‍ നിന്നുന്ന ദൃശ്യങ്ങളും ചിത്രങ്ങളും എല്ലാം അവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വിവാദം കൊഴുപ്പിക്കുകയും ചെയ്തു.

ബൗണ്ടറി കുഷ്യന്‍ മാറിക്കിടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ സൂര്യയുടെ ക്യാച്ചിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്റ്റേഡിയത്തില്‍ മത്സരം കാണാനുണ്ടായിരുന്നു ക്രിക്കറ്റ് സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്ന രജനീഷ് ഗുപ്ത എന്ന ആരാധകന്‍.

മത്സരം കാണാനായി താന്‍ ഗ്രൗണ്ടിലെ ടിവി കമന്ററി ബോക്‌സിലുണ്ടായിരുന്നുവെന്ന് രജനീഷ് പറയുന്നു. പ്രചരിച്ച ചിത്രങ്ങളില്‍ ബൗണ്ടറി ലൈനിന്റെ ദൃശ്യങ്ങളും ബൗണ്ടറി കുഷ്യന്‍ മാറിക്കിടക്കുന്നതും കാണാനാവും.


എന്നാല്‍ ആ വെള്ളവര ആിരുന്നില്ല മത്സരത്തിലെ ബൗണ്ടറി ലൈന്‍. പിച്ച് മാറുമ്പോള്‍ ബൗണ്ടറികളുടെ നീളവും ക്രമീകരിക്കും. അതുപ്രകാരം ക്രമീകരിച്ചപ്പോള്‍ കാണുന്നതാണ് ആ വെള്ളവര. മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ ഇങ്ങനെ തന്നെയായിയിരുന്നു ബൗണ്ടറി റോപ്പും വരയും കിടന്നിരുന്നത്.

ബൗണ്ടറി കുഷ്യനുകള്‍ മാറ്റുമ്പോള്‍ മുമ്പുണ്ടായിരുന്ന സ്ഥലത്ത് വെളുത്ത വര കാണാനാവും. എന്നാല്‍ ഓരോ മത്സരത്തിനും അനുസരിച്ച് പിച്ച് മാറുമ്പോള്‍ ബൗണ്ടറി കുഷ്യനും അതിനനുസരിച്ച് പിന്നിലേക്കോ മുന്നിലേക്കോ നീക്കേണ്ടിവരും. ഇതൊരു സാധാരണ രീതിയാണ്.


പ്രചരിച്ച ചിത്രങ്ങളില്‍ തന്നെ ഒരു പ്രത്യേക സ്ഥലത്തു മാത്രമല്ല, മുഴുവന്‍ മുഴുവന്‍ ബൗണ്ടറി കുഷ്യനും കയറും പിന്നിലേക്ക് മാറിയതായി വ്യക്തമാണ്. ഒരു ഫീല്‍ഡര്‍ അറിഞ്ഞുകൊണ്ട് ബൗണ്ടറി റോപ്പ് മാറ്റുകയും ഗ്രൗണ്ട് സ്റ്റാഫ് അത് ശരിയായ സ്ഥലത്ത് തിരികെ വയ്ക്കാതിരിക്കുകയും ചെയ്ത സാഹചര്യമല്ല ഇവിടെ ഉണ്ടായിരിക്കുന്നതെന്നും ഒന്നുമില്ലാത്തപ്പോള്‍ ദയവായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും രജനീഷ് ഗുപ്ത എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ആരാധകരും ചില പാക് മാധ്യമപ്രവര്‍ത്തകരുമാണ് ഈ ആരോപണവുമായി മുമ്പില്‍ നിന്നത്. പാക്കിസ്ഥാന്റെ മത്സരത്തില്‍ പാക് താരങ്ങള്‍ വെള്ള വരയ്ക്ക് അപ്പുറം നിന്ന് ഫീല്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വിവാദത്തിനു പിന്നാലെ പുറത്തു വന്നിരുന്നു.

Related Articles

Back to top button