Cricket

സുനില്‍ വല്‍സന്‍ മുതല്‍ സഞ്ജു സാംസണ്‍ വരെ !! മലയാളി ഉണ്ടെങ്കില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് ഉറപ്പ്

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പുയര്‍ത്തുമ്പോള്‍, ക ൡച്ചില്ലെങ്കിലും ടീമിലെ മലയാളി സാന്നിദ്ധ്യമായി സഞ്ജു സാംസണ്‍ ഗാലറിയില്‍ ഉണ്ടായിരുന്നു.

ഈ ലോകകപ്പ് വിജയം ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതിന്റെ ഒരു കാരണവും സഞ്ജുവിന്റെ സാന്നിദ്ധ്യമായിരുന്നു. ഒരു മലയാളി ടീമിലുണ്ടെങ്കില്‍ കിരീടവിജയം ഉറപ്പെന്ന വിശ്വാസത്തിന് ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിന്റെ പഴക്കമുണ്ട്.

1983 മുതല്‍ ഇന്നോളം ഇന്ത്യ നേടിയ ലോകകപ്പ് വിജയങ്ങളിലെല്ലാം ടീമില്‍ മലയാളി സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം.

ഇതിനെ വിശ്വാസമെന്നോ അന്ധവിശ്വാസമെന്നോ യുക്തി അനുസരിച്ച് വിശേഷിപ്പിക്കാമെങ്കിലും ഈ ലോകകപ്പ് കിരീടവിജയങ്ങളിലെല്ലാം പൊതുവായുണ്ടായിരുന്ന ഒരേയൊരു കാര്യം ഒരു മലയാളിയുടെ സാന്നിദ്ധ്യമായിരുന്നു.

1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്സില്‍ വിന്‍ഡീസിനെ മുട്ടുകുത്തിക്കുമ്പോള്‍, ഒരു മത്സരത്തില്‍ പോലും കളിച്ചില്ലെങ്കിലും ടീമിലെ മലയാളി സാന്നിധ്യമായി സുനില്‍ വല്‍സണുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ടി20 കിരീടം നേടിത്തന്നത് ശ്രീശാന്തിന്റെ ക്യാച്ചാണ്.

2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോഴും ശ്രീശാന്ത് ടീമിലെ മലയാളി സാന്നിധ്യമായി. ഫൈനലില്‍ പന്തെറിയാനും ശ്രീശാന്തുണ്ടായിരുന്നു. മലയാളി താരമില്ലാതെ ഇന്ത്യ ലോകകപ്പില്‍ കിരീടം നേടിയ ചരിത്രമില്ല.

ഈ ചരിത്രത്തിന്റെ തുടര്‍ച്ചയായി ഇത്തവണ ടീമിലിടം പിടിച്ചത് സഞ്ജു സാംസണും. എന്നാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല.

മധ്യ നിരയില്‍ ശിവം ദുബേ തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്പോള്‍ ഫൈനലില്‍ സഞ്ജുവിന് അവസരം കിട്ടിയേക്കുമെന്ന പ്രതീക്ഷ മലയാളികള്‍ വച്ചു പുലര്‍ത്തിയിരുന്നെങ്കിലും അതുണ്ടായില്ല.

ധോണിയുടെ നായകത്വത്തില്‍ 2007ല്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ച് കപ്പടിച്ചപ്പോള്‍ പരിക്കേറ്റ വീരേന്ദര്‍ സെവാഗിന് പകരം ഫൈനലില്‍ യൂസഫ് പഠാന്‍ ലോകകപ്പ് അരങ്ങേറ്റം കുറിച്ചിരുന്നു.

ഇതായിരുന്നു മലയാളികളുടെ പ്രതീക്ഷയ്ക്കു പിന്നില്‍ എന്നാല്‍ വിന്നിംഗ് കോമ്പിനേഷന്‍ നിലനിര്‍ത്താനായി ദുബെയെ കളിപ്പിക്കുകയായിരുന്നു. എന്നിരുന്നാലും ഫൈനലില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ച വച്ച് ദുബെ സെലക്ഷനെ നീതികരിക്കുകയും ചെയ്തു.

എന്തായാലും രോഹിത് ശര്‍മയും വിരാട് കോഹ് ലിയും വിരമിച്ച സാഹചര്യത്തില്‍ സഞ്ജുവിന് ടീമില്‍ സ്ഥിരമാവാനുള്ള സുവര്‍ണാവസരമാണ് വന്നു ഭവിച്ചിരിക്കുന്നത്.

Related Articles

Back to top button