Cricket

രണ്ട് മത്സരം കൊണ്ട് വിമര്‍ശിക്കുന്നവരോട് പോയി പണി നോക്കാന്‍ പറയൂ !! ഇന്ത്യന്‍ താരത്തിനു പിന്തുണയുമായി ബാറ്റിംഗ് ഇതിഹാസം

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പ്രവേശിച്ചെങ്കിലും പ്രകടനത്തിന്റെ പേരില്‍ ആരാധകരുടെ വിമര്‍ശനത്തിനു പാത്രമായിരിക്കുന്ന താരമാണ് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ.

ബാറ്റു കൊണ്ടും പന്തുകൊണ്ടും ജഡേജയ്ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനാവാതെ വന്നതോടെ ജഡേജയെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ഒരുവശത്ത് സജീവമാണ്.

എന്നാല്‍ ഇതില്‍ നിന്ന് വിഭിന്ന അഭിപ്രായമാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണറും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ക്കുള്ളത്. ഫോമിലല്ലാത്ത ജഡേജയ്ക്ക് സമ്പൂര്‍ണ പിന്തുണയാണ് ഗവാസ്‌കര്‍ നല്‍കുന്നത്.

‘രവീന്ദ്ര ജഡേജയെ ചോദ്യം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട കാര്യമുണ്ട് എന്നുപോലും തോന്നുന്നില്ല. ഇന്ത്യന്‍ ആരാധകരാണ് ശരിക്കും പ്രശ്നം.

രണ്ട് മോശം മത്സരം ഒരു താരത്തിനുണ്ടായാല്‍ ഇന്ത്യന്‍ ആരാധകര്‍ ചോദ്യങ്ങള്‍ തുടങ്ങും. അതാണ് പ്രശ്‌നം. ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന ആരെങ്കിലും സ്വന്തം തൊഴിലിനെ ഇത്തരത്തില്‍ വിമര്‍ശിക്കുമോ.

സ്വന്തം പ്രൊഫഷണില്‍ രണ്ട് പിഴവ് സംഭവിച്ചാല്‍ വിമര്‍ശകര്‍ ആരെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമോ. പ്ലേയിംഗ് ഇലവനില്‍ ജഡേജയുടെ സ്ഥാനം ചോദ്യം ചെയ്യേണ്ടതില്ല. ടീമിലെ റോക്സ്റ്റാറാണ് അദ്ദേഹം’ എന്നുമാണ് സ്റ്റാര്‍ സ്‌പോര്‍ട്സില്‍ സണ്ണി പറഞ്ഞത്.

ജഡേജയുടെ ഫീല്‍ഡിംഗ് മികവിനെയും ഗവാസ്‌കര്‍ പ്രശംസിച്ചു. ‘ജഡേജ പരിചയസമ്പന്നനായ താരമായതിനാല്‍ അദേഹത്തിന്റെ ഫോമിനെ കുറിച്ച് ഞാന്‍ ആകുലതപ്പെടുന്നില്ല. അവസരങ്ങള്‍ ലഭിക്കുമ്പോഴൊക്കെ അദേഹം മികവ് കാട്ടാറുണ്ട്.

ഫീല്‍ഡിലെ അയാളുടെ സംഭാവനകള്‍ ആരും മറക്കരുത്. ഫീല്‍ഡിംഗ് മികവ് കൊണ്ട് 20-30 റണ്‍സാണ് സേവ് ചെയ്യുന്നത്’ എന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ഈ ട്വന്റി20 ലോകകപ്പില്‍ വെറും ഒരു വിക്കറ്റാണ് ജഡേജയുടെ നേട്ടം. ബാറ്റിംഗില്‍ മൂന്നു കളികളില്‍ നിന്ന് 16 റണ്‍സും താരത്തിനുണ്ട്.

Related Articles

Back to top button