Cricket

അന്തസ്സുണ്ടോടാ അന്തസ്!! പണിയെടുക്കാന്‍ വയ്യെങ്കില്‍ പണം തിരികെ നല്‍കണം; ഇസിബിയ്ക്കും താരങ്ങള്‍ക്കുമെതിരേ നടപടി വേണമെന്ന് ഗവാസ്‌കര്‍

ട്വന്റി20 ലോകകപ്പിനു മുന്നോടിയായി പാക്കിസ്ഥാനെതിരേ നടക്കുന്ന ട്വന്റി20 പരമ്പര കളിക്കാന്‍ ഐപിഎല്‍ മതിയാക്കി നാട്ടില്‍ തിരികെയെത്താന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

ഈ നടപടിയില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ക്രിക്കറ്റ് താരങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം രാജ്യം ഒന്നാമതാണ്. എന്നിരുന്നാലും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുഴുവന്‍ സീസണും കളിക്കാന്‍ നിങ്ങള്‍ സമ്മതിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ പ്രതിബദ്ധത തെളിയിക്കണം.

നിങ്ങളുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാതെ നിങ്ങള്‍ ഫ്രാഞ്ചൈസിയെ നിരാശപ്പെടുത്തുകയാണ്.

കളിക്കാര്‍ നല്ല പണം സമ്പാദിക്കുന്നു. ഒരു താരം നേരത്തെ മടങ്ങുകയാണെങ്കില്‍ കളിക്കാരനെ വാങ്ങിയ തുകയില്‍ നിന്ന് പണം കുറയ്ക്കാന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കണം.

ബോര്‍ഡുകള്‍ അവരുടെ കളിക്കാരെ തുടരാന്‍ അനുവദിക്കുന്നില്ലെങ്കില്‍, അവര്‍ക്കും പിഴ ചുമത്തണം. അവര്‍ക്ക് 10 ശതമാനം കമ്മീഷന്‍ ലഭിക്കുന്നുണ്ട്.

ഈ രീതി ഐപിഎല്ലില്‍ മാത്രമാണ് പിന്തുടരുന്നത്. മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളെ പരിപാലിക്കുന്നതില്‍ ബിസിസിഐക്ക് അഭിനന്ദനം ലഭിക്കുന്നില്ല. ഗവാസ്‌കര്‍ പറഞ്ഞു.

മെയ് 22നാണ് പാക്കിസ്ഥാനെതിരായ പരമ്പര ആരംഭിക്കുന്നത്. ഐപിഎലില്‍ കളിക്കുന്ന ജോസ് ബട്ട്‌ലര്‍, ഫില്‍ സാള്‍ട്ട്, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, ജോണി ബെയര്‍സ്റ്റോ, മോയീന്‍ അലി, വില്‍ ജാക്‌സ്, റീസ് ടോപ്ലി എന്നിവര്‍ 2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാണ്.ലിസ്റ്റിലുള്ള മൂന്നു താരങ്ങളുള്ള പഞ്ചാബ് ടീം നേരത്തെ തന്നെ പുറത്തായതിനാല്‍ അത് അവരെ ബാധിക്കില്ല.

Related Articles

Back to top button