Cricket

അവനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുത് !! മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ താരത്തിനെതിരേ മുന്‍താരം

വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ ആരൊക്കെ സ്ഥാനം പിടിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

മികച്ച ഫോമില്‍ കളിക്കുന്ന വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ സാധ്യതയെക്കുറിച്ച് ചര്‍ച്ചയില്‍ ചോദിച്ചപ്പോള്‍ മുന്‍ താരം സുബ്രഹ്‌മണ്യം ബദരീനാഥ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

പ്രായം കണക്കിലെടുത്ത് ദിനേശ് കാര്‍ത്തിക്കിന്റെ ആദ്യ ഇലവനിലെ സ്ഥാനം ബദരീനാഥ് ചോദ്യം ചെയ്തു. ഒരു ഫിനിഷര്‍ എന്ന നിലയില്‍ കാര്‍ത്തിക്കിന്റെ സാധ്യത അംഗീകരിക്കുമ്പോള്‍ 38-കാരനേക്കാള്‍ യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ബദരീനാഥ് നിര്‍ദ്ദേശിച്ചത്.

ദിനേശ് കാര്‍ത്തിക്കിനെ തിരഞ്ഞെടുത്താല്‍, അവന്‍ എല്ലാ മത്സരങ്ങളും കളിക്കണം, വെറുതെ ബെഞ്ചില്‍ ഇരിക്കരുത്. എന്നാല്‍ പ്രായത്തിനനുസരിച്ച്, യുവതാരങ്ങളെക്കാള്‍ ഇന്ത്യയുടെ ഇലവനില്‍ അദ്ദേഹത്തിന് ഇടമുണ്ടോ? സ്‌ക്വാഡില്‍ നിലനിര്‍ത്തിയാല്‍ അയാള്‍ക്ക് പ്രയോജനം ഇല്ലായിരിക്കാം.

ഉയര്‍ന്നുവരുന്ന ഒരു ഫിനിഷറെ പ്രമോട്ട് ചെയ്യുന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇലവനില്‍ അവര്‍ ആഗ്രഹിക്കുന്ന ഫിനിഷറായി ടീം കാര്‍ത്തിക്കിനെ കാണുന്നുവെങ്കില്‍, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ന്യായമാണ്.

ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് കഴിവുകള്‍ അദ്ദേഹത്തെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വമാക്കുന്നു, അതിനാല്‍ അദ്ദേഹം പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അടുത്തിടെ ഫിനിഷറായും ജഡേജ മികച്ച പ്രകടനമാണ് നടത്തിയത്. റിങ്കു സിങ്ങിന്റെ പ്രകടനം മികച്ചതായിരുന്നു. അതിനാല്‍ ഈ കളിക്കാരെയെല്ലാം തിരഞ്ഞെടുക്കുന്നത് ഡികെയ്ക്ക് ബുദ്ധിമുട്ടായിരിക്കും. ഋഷഭ് പന്ത് കീപ്പറായി ഉണ്ടാകും.ബദരിനാഥ് പറഞ്ഞു.

ബദരീനാഥും ദിനേശ് കാര്‍ത്തിക്കും ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാടിന് വേണ്ടി ഒരുമിച്ചു കളിച്ചിട്ടുള്ള താരങ്ങളാണ്.

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും സമാനമായ അഭിപ്രായ പ്രകടനമാണ് നടത്തിയത്. ദിനേഷ് കാര്‍ത്തിക്കിന്റെ മികച്ച ഫോമിനെ പ്രശംസിച്ച ഫിഞ്ച്, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, റിങ്കു സിംഗ് എന്നിവരുടെ പ്രതിഭയുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.

ഐപിഎല്ലില്‍ ആര്‍സിബിക്ക് വേണ്ടി ഡികെ നന്നായി കളിക്കുമ്പോള്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, റിങ്കു സിംഗ് തുടങ്ങിയ പ്രതിഭാധനരായ യുവതാരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ലോകകപ്പ് ടീമില്‍ ഡികെയെ ഞാന്‍ വ്യക്തിപരമായി തിരഞ്ഞെടുക്കില്ല, കാരണം ഈ യുവതാരങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ടീമിനെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്. ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

നേരത്തെ ട്വന്റി20 ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം ദിനേശ് കാര്‍ത്തിക് വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിനു വേണ്ടി കളിക്കുന്നതാണ് തനിക്ക് ഏറ്റവും വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. കെ.എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം മത്സരരംഗത്തുണ്ട്. അതിനാല്‍ തന്നെ കാര്‍ത്തിക്കിന് ടീമില്‍ ഇടംപിടിക്കുക ബുദ്ധിമുട്ടാകും.

Related Articles

Back to top button