Cricket

മാത്യൂസ് എറിഞ്ഞിരുന്നെങ്കില്‍ ശ്രീലങ്ക കളി ജയിക്കുമായിരുന്നോ ? മാത്യൂസിന് പന്തു നല്‍കാഞ്ഞതിനെക്കുറിച്ച് ഹസരംഗ പറയുന്നതിങ്ങനെ…

ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങിയ ശ്രീലങ്കന്‍ ടീമിന്റെ സൂപ്പര്‍ എട്ട് പ്രവേശം അനശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരായ മത്സരത്തിലെ നിര്‍ണായ ഓവറില്‍ എയ്ഞ്ചലോ മാത്യൂസിനെ പന്തേല്‍പ്പിക്കാത്തതില്‍ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

മാത്യൂസ് പന്തെറിഞ്ഞിരുന്നുവെങ്കില്‍ ശ്രീലങ്ക ജയിക്കുമായിരുന്നുവെന്നാണ് ആരാധകരുടെ വാദം. സംഭവത്തില്‍ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ശ്രീലങ്കന്‍ നായകന്‍ വാനിന്ദു ഹസരങ്ക.

മത്സരത്തിന്റെ തുടക്കത്തില്‍ ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ നന്നായി കളിച്ചു. പ്രത്യേകിച്ചും ആദ്യ 10 ഓവര്‍ അവര്‍ നന്നായി ബാറ്റ് ചെയ്തു. എന്നാല്‍ അതിന് ശേഷം ബാറ്റര്‍മാരുടെ പ്രകടനം മോശമായെന്ന് ഹസരങ്ക ചൂണ്ടിക്കാട്ടി.

ശ്രീലങ്കയുടെ ശക്തി ബൗളര്‍മാരാണെന്ന് തനിക്കറിയാം. എങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റര്‍മാര്‍ മോശം പ്രകടനമാണ് നടത്തിയത്. ഇത് നിരാശപ്പെടുത്തുന്നതാണ്.

അതിനാല്‍ തന്നെ രണ്ട് മത്സരങ്ങളിലും തോല്‍വി നേരിടേണ്ടതായി വന്നു. ഇന്നത്തെ മത്സരത്തില്‍ നാല് പ്രധാന ബൗളര്‍മാരെ ഉപയോഗിച്ചാണ് ലങ്ക പന്തെറിയിച്ചത്.

അവരെല്ലാം നന്നായി പന്തെറിഞ്ഞു. നിര്‍ഭാഗ്യവശാല്‍ നാല് ഓവര്‍ ഓള്‍റൗണ്ടേഴ്‌സിനെ ഉപയോഗിക്കേണ്ടി വന്നുവെന്നും ഹസരങ്ക വ്യക്തമാക്കി.

ദസൂന്‍ ഷനക എറിഞ്ഞ 19-ാം ഓവറാണ് കളി തിരിച്ചത്. ഓവറിലെ ആദ്യ പന്ത് തന്നെ മഹമ്മദുള്ള സിക്‌സറിനു പറത്തിയിരുന്നു. ഇതോടെ സമ്മര്‍ദമകന്ന ബംഗ്ലാതാരങ്ങള്‍ അനായാസം വിജയം പിടിച്ചെടുക്കുകയായിരുന്നു. ഈ ഓവറില്‍ 11 റണ്‍സാണ് ഷനക വഴങ്ങിയത്.

ആ സമയത്ത് രണ്ടു വിക്കറ്റ് മാത്രമാണ് ബംഗ്ലാദേശിന് ശേഷിച്ചത്. ഈ ഓവര്‍ എയ്ഞ്ചലോ മാത്യൂസിനെ എറിക്കുകയായിരുന്നങ്കില്‍ കളി ജയിക്കാമായിരുന്നുവെന്നാണ് ആരാധകര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്.

Related Articles

Back to top button