Cricket

വന്‍ വിജയവുമായി ലോകകപ്പിനോട് വിടപറഞ്ഞ് ശ്രീലങ്ക !! വെടിക്കെട്ട് ബാറ്റിംഗുമായി അസലങ്ക

ട്വന്റി20 ലോകകപ്പില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡിനെതിരേ വന്‍വിജയവുമായി ശ്രീലങ്ക. 83 റണ്‍സിനാണ് ലങ്കന്‍ ടീം ഡച്ച് പടയെ കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് അടിച്ചു കൂട്ടിയത്. എന്നാല്‍ ഓറഞ്ച് പടയുടെ മറുപടി 16.4 ഓവറില്‍ 118ല്‍ ഒതുങ്ങി.

സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ് ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പാത്തും നിസങ്കയെ പുറത്താക്കി വിവിയന്‍ കിംഗ് മ ശ്രീലങ്കയെ ഞെട്ടിച്ചു. എന്നാല്‍ കുശാല്‍ മെന്‍ഡിസ് മികച്ച ബാറ്റിംഗ് പുറത്തെടുത്തതോടെ ലങ്ക കരകയറി.

29 പന്തില്‍ 46 റണ്‍സായിരുന്നു കുശാല്‍ മെന്‍ഡിസ് നേടിയത്. പിന്നാലെ വന്ന കാമിന്ദു മെന്‍ഡിസ്(17), ധനഞ്ജയ് ഡിസില്‍വ(34) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

അഞ്ചാമനായിറങ്ങിയ ചരിത് അസലങ്കയുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോര്‍ നേടുന്നതിന് ലങ്കയെ സഹായിച്ചത്.

വെറും 21 പന്തില്‍ ഒരു ഫോറും അഞ്ചു സിക്‌സും സഹിതം 46 റണ്‍സാണ് അസലങ്ക അടിച്ചു കൂട്ടിയത്.

15 പന്തില്‍ 30 റണ്‍സ് നേടിയ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസും ആറു പന്തില്‍ 20 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വാനിന്ദു ഹസരംഗയും ചേര്‍ന്ന് ലങ്കന്‍ സ്‌കോര്‍ 200 കടത്തുകയായിരുന്നു.

നെതര്‍ലന്‍ഡ്‌സിനായി ലോഗന്‍ വാന്‍ ബീക്ക് രണ്ടു വിക്കറ്റും വിവിയന്‍ കിംഗ് മ, ആര്യന്‍ ദത്ത്,പോള്‍ വാന്‍ മീക്കരന്‍, ടിം പ്രിംഗിള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

202 റണ്‍സ് വിജലക്ഷ്യവുമായിറങ്ങിയ നെതര്‍ലന്‍ഡിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അവര്‍ക്കത് മുതലാക്കാനായില്ല.

അഞ്ചാമത്തെ ഓവറിലെ മൂന്നാം പന്തില്‍ മാക്‌സ് ഒഡൗഡ് പുറത്താവുമ്പോള്‍ നെതര്‍ലന്‍ഡിന്റെ സ്‌കോര്‍ 45ല്‍ എത്തിയിരുന്നു.

എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ അവരുടെ ഇന്നിംഗ്‌സ് 16.4 ഓവറില്‍ 118ല്‍ അവസാനിക്കുകയായിരുന്നു.

ഓപ്പണര്‍ മൈക്കല്‍ ലെവിറ്റ്, ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ് എന്നിവര്‍ 31 റണ്‍സ് വീതം നേടി ടോപ്‌സ്‌കോറര്‍മാരായി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ നുവാന്‍ തുഷാരയാണ് ലങ്കന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. വാനിന്ദു ഹസരംഗ, മതീഷ് പതിരാന എന്നിവര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. മഹീഷ് തീക്ഷണയും ദാസുന്‍ ഷനകയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചരിത് അസലങ്കയാണ് കളിയിലെ താരം.

ഒരു അര്‍ധസെഞ്ചുറി പോലുമില്ലാതെയുള്ള ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ എന്ന ഓസ്‌ട്രേലിയയുടെ റെക്കോഡിനൊപ്പമെത്താനും ശ്രീലങ്കയ്ക്കായി

Related Articles

Back to top button