Cricket

ഇത്തവണ നിര്‍ഭാഗ്യമുണ്ടായില്ല !! വെസ്റ്റ്ഇന്‍ഡീസിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിയില്‍

എല്ലാത്തവണയും നിര്‍ഭാഗ്യം മൂലം നിര്‍ണായക മത്സരങ്ങള്‍ തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്ന പതിവ് ഇക്കുറി ദക്ഷിണാഫ്രിക്ക തെറ്റിച്ചു.

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ മൂന്നു വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശം.

മഴ ഇടയ്ക്ക് രസംകൊല്ലിയായി വന്ന മത്സരത്തില്‍ മൂന്നു വിക്കറ്റിനായിരുന്നു പ്രോട്ടിയാസിന്റെ വിജയം. ഇതോടെ ആതിഥേയരായ വെസ്റ്റിന്‍ഡീസും അമേരിക്കയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി. മഴ നിയമപ്രകാരം വിജയലക്ഷ്യം 17 ഓവറില്‍ 123 റണ്‍സായി പുനര്‍നിര്‍ണിക്കുകയായിരുന്നു. തുടര്‍ന്ന് 16.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു.

ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും സെമിയിലെത്താന്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കില്ലായിരുന്നു.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആതിഥേയരെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ തന്നെ ഷായ് ഹോപ്പിനെ അവര്‍ക്കു നഷ്ടമായി. മാര്‍ക്കോ യാന്‍സന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് താരം.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ നിക്കോളാസ് പൂറനെക്കൂടി നഷ്ടമായതോടെ അവര്‍ അഞ്ചിന് രണ്ട് എന്ന നിലയില്‍ പരുങ്ങലിലായി.

പിന്നീട് ഒത്തുചേര്‍ന്ന കൈല്‍ മയേഴ്‌സ്-റോസ്റ്റണ്‍ ചേസ് സഖ്യം അവരെ മുന്നോട്ടു നയിച്ചെങ്കിലും ടീം സ്‌കോര്‍ 86ല്‍ വച്ച് മയേഴ്‌സ് വീണതോടെ വെസ്റ്റ് ഇന്‍ഡീസ് തകരുകയായിരുന്നു. 34 പന്തില്‍ 35 റണ്‍സായിരുന്നു മയേഴ്‌സിന്റെ നേട്ടം.

റോവ്മന്‍ പവല്‍(1),ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്(0) തുടങ്ങിയവര്‍ക്കൊന്നും ചെയ്യാനായില്ല. 52 റണ്‍സ് എടുത്ത റോസ്റ്റണ്‍ ചേസ് കൂടി പുറത്തായതോടെ 97ന് ആറ് എന്ന നിലയിലേക്ക് വിന്‍ഡീസ് ബാറ്റിംഗ് കൂപ്പുകുത്തി.

42 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ചേസിന്റെ ഇന്നിംഗ്‌സ്. ഒമ്പതു പന്തില്‍ 15 റണ്‍സ് നേടിയ ആന്ദ്രേ റസല്‍ പതിനെട്ടാം ഓവറിന്റെ ആദ്യ പന്തില്‍ റണ്ണൗട്ടായതും കളിയില്‍ നിര്‍ണായകമായി. അല്‍സാരി ജോസഫ് 11 റണ്‍സുമായി പുറത്താകാതെ നിന്നു.

നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ടബ്രേസ് ഷംസിയാണ് വിന്‍ഡീസ് ബാറ്റിംഗിന്റെ അന്തകനായത്. മാര്‍ക്കോ യാന്‍സന്‍, എയ്ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ്, കഗീസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

136 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആന്ദ്ര റസല്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്(12) റീസാ ഹെന്‍ട്രിക്‌സ്(0) എന്നിവര്‍ പുറത്ത്.

രണ്ടോവറില്‍ 15ന് രണ്ട് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിജയലക്ഷ്യം 17 ഓവറില്‍ 123 റണ്‍സായി പുനര്‍ നിര്‍ണയിച്ചു.

കളിപുനരാരംഭിച്ചതോടെ ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ക്രമമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ചെറിയ വിജയലക്ഷ്യം അവര്‍ അവസാന ഓവറില്‍ എത്തിപ്പിടിക്കുകയായിരുന്നു.

എയ്ഡന്‍ മാര്‍ക്രം(18), ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ്(29), ഹെന്‍ റിച്ച് ക്ലാസന്‍(10 പന്തില്‍ 22), മാര്‍ക്കോ യാന്‍സന്‍(21) ന്നെിവര്‍ നിര്‍ണായ സംഭാവനകള്‍ നല്‍കി. ഒബെഡ് മക്കോയിയെ സിക്‌സറിനു പായിച്ച് മാര്‍ക്കോ യാന്‍സനാണ് പ്രോട്ടിയാസിനെ വിജയത്തിലെത്തിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് മൂന്നോവറില്‍ 12 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ആന്ദ്ര റസല്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത ടബ്രേസ് ഷംസിയാണ് കളിയിലെ താരം.

ട്വന്റി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ 50 റണ്‍സും മൂന്നു വിക്കറ്റും നേടുന്ന രണ്ടാമത്തെ മാത്രം വെസ്റ്റ് ഇന്‍ഡീസ് താരമാണ് റോസ്റ്റണ്‍ ചേസ്.

ട്വന്റി20യില്‍ ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്.

Related Articles

Back to top button