Cricket

ഒരു റണ്‍സ് അകലെ കലമുടച്ച് നേപ്പാള്‍ !! വമ്പന്‍ അട്ടിമറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക

ഈ ട്വന്റി20 ലോകകപ്പ് അട്ടിമറികളുടേതും അനശ്ചിതത്വങ്ങളുടേതുമാണെങ്കില്‍ അതില്‍ തന്നെ ഏറ്റവും അനശ്ചിതത്വം നിറഞ്ഞ മത്സരത്തില്‍ ഒരു റണ്‍സിന് ജയിച്ചു കയറി ദക്ഷിണാഫ്രിക്ക.

ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ അട്ടിമറി ജയത്തിന്റെ വക്കില്‍ നിന്നാണ് നേപ്പാള്‍ തോല്‍വിയേറ്റു വാങ്ങിയത്.
അവസാന ഓവറില്‍ ജയത്തിന് എട്ടു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ആറു റണ്‍സ് മാത്രമേ നേപ്പാളിനു നേടാനായുള്ളൂ. അവസാന പന്തില്‍ ഗുല്‍ഷന്‍ ഝാ റണ്ണൗട്ടാവുകയായിരുന്നു.

കിംഗ്സ്റ്റണിലെ അര്‍ണോസ് വെയ്ല്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ പതിയെ തുടങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ നേടുമെന്ന് തോന്നിച്ചെങ്കിലും ദീപേന്ദ്ര സിംഗ് ഐരി- കുശാല്‍ ഭൂര്‍ത്തല്‍ സ്പിന്‍ ദ്വയത്തിനു മുമ്പില്‍ അവര്‍ 115ല്‍ ഒതുങ്ങുകയായിരുന്നു.

കുശാല്‍ ഭൂര്‍ത്തല്‍ നാലോവറില്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപേന്ദ്ര സിംഗ് ഐരി നാലോവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടി.

49 പന്തില്‍ 43 റണ്‍സ് നേടിയഓപ്പണര്‍ റീസാ ഹെന്‍ട്രിക്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ട്രിസ്റ്റിയന്‍ സ്റ്റബ്‌സിന്റെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 100 കടത്തിയത്.

18 പന്തില്‍ 27 റണ്‍സാണ് സ്റ്റബ്‌സ് നേടിയത്. ക്വിന്റണ്‍ ഡി കോക്ക്(10), എയ്ഡന്‍ മാര്‍ക്കം(15) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

116 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ നേപ്പാള്‍ ശ്രദ്ധയോടെയാണ് തുടങ്ങിയത്. എട്ടാം ഓവറില്‍ ടബ്രേസ് ഷംസി പന്തെറിയാനെത്തുന്നത് വരെ എല്ലാം ശുഭകരമായിരുന്നു.

എന്നാല്‍ ആ ഓവറില്‍ ഷംസി കുശാല്‍ ഭുര്‍ത്തലിന്റെയും രോഹിത് പൗഡലിന്റെയും കുറ്റി തെറിപ്പിച്ചതോടെ നേപ്പാള്‍ പതറി. എന്നാല്‍ ആസിഫ് ഷെയ്ഖിനൊപ്പം അനില്‍ സാഹ് ഒത്തു ചേര്‍ന്നതോടെ നേപ്പാള്‍ മുന്നോട്ടു കുതിച്ചു.

14-ാം ഓവറിലെ നാലാം പന്തില്‍ അനിലിനെ മാര്‍ക്രം പുറത്താക്കുമ്പോള്‍ നേപ്പാളിന് ജയിക്കാന്‍ വേണ്ടത് 38 പന്തില്‍ 31 റണ്‍സ് മാത്രമായിരുന്നു. കയ്യിലുള്ളത് ഏഴു വിക്കറ്റും.

എന്നാല്‍ ഒരിക്കല്‍ കൂടി ഷംസി ദക്ഷിണാഫ്രിക്കയുടെ രക്ഷകനായി അവതരിച്ചു. 18-ാം ഓവറില്‍ ദീപേന്ദ്ര സിംഗ് ഐരിയും ആസിഫ് ഷെയ്ഖും ഷംസിയ്ക്കു മുമ്പില്‍ വീണു. 19-ാം ഓവറിലെ രണ്ടാം പന്തില്‍ കുശാല്‍ മല്ലയെ നോര്‍ക്യ പുറത്താക്കുക കൂടെ ചെയ്തതോടെ 99ന് മൂന്ന് എന്ന നിലയില്‍ നിന്നും 100ന് ആറ് എന്ന നിലയിലേക്ക് നേപ്പാള്‍ തകര്‍ന്നു.

ഇതോടെ ഏവരും ദക്ഷിണാഫ്രിക്കയുടെ വിജയം പ്രതീക്ഷിച്ചു. ആ സമയത്ത് 10 പന്തില്‍ വേണ്ടത് 16 റണ്‍സായിരുന്നു.

നേരിട്ട ആദ്യ രണ്ടു പന്തുകളിലും സൊപാല്‍ കാമിയ്ക്ക് റണ്‍സ് നേടാനാവാതെ പോയതോടെ വിജയലക്ഷ്യം എട്ടു പന്തില്‍ 16 റണ്‍സായി. എന്നാല്‍ ഓവറിലെ അഞ്ചാം പന്ത് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു കളഞ്ഞു.

നോര്‍ക്യയെ സൊപംല്‍ കാമി സിക്‌സറിനു പറത്തിയ പന്ത് ചെന്നു വീണത് 105 മീറ്റര്‍ അകലെയായിരുന്നു. അടുത്ത പന്തില്‍ ഡബിള്‍ നേടുകയും ചെയ്തതോടെ അവസാന ഓവറില്‍ നേപ്പാളിന് വിജയലക്ഷ്യം എട്ടു റണ്‍സായി.

ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ടു പന്തും ബാറ്റില്‍ കൊള്ളിക്കാന്‍ ഗുല്‍ഷന്‍ ഝായ്ക്ക് കഴിയാതെ വന്നതോടെ ലക്ഷ്യം നാലു പന്തില്‍ എട്ടു റണ്‍സായി.

എന്നാല്‍ മൂന്നാം പന്ത് ഝാ ബൗണ്ടറി കടത്തിയതോടെ സ്‌റ്റേഡിയത്തില്‍ ആവേശം അണപൊട്ടി. അഞ്ചാം പന്തില്‍ ഡബിള്‍ നേടുകയും ചെയ്തതോടെ വിജയലക്ഷ്യം രണ്ടു പന്തില്‍ രണ്ടു റണ്‍സായി.

എന്നാല്‍ അഞ്ചാം പന്തും ബാറ്റില്‍ കൊള്ളിക്കുന്നതില്‍ ഝാ പരാജയമായി. അവസാന പന്തില്‍ വിജയലക്ഷ്യം രണ്ടു റണ്‍സ്.

സ്ലോ ബോളില്‍ വീണ്ടും ബാര്‍ട്ട്മാന്‍ ഝായെ കബളിപ്പിച്ചതോടെ പന്ത് കീപ്പര്‍ ഡിക്കോക്കിന്റെ കൈയ്യില്‍. ക്രീസ് വിട്ട് ഓടിയിറങ്ങിയ ഝായെ ക്ലാസന്‍ റണ്ണൗട്ടാക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്‍സിന്റെ വിജയം. നാലോവറില്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷംസിയാണ് കളിയിലെ താരം

ട്വന്റി20 ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക ഒരു റണ്‍സിന്റെ വിജയം സ്വന്തമാക്കുന്നത്. 2009ല്‍ ന്യൂസിലന്‍ഡിനെതേയും അവര്‍ ഇത്തരത്തില്‍ വിജയിച്ചിട്ടുണ്ട്.

ട്വന്റി20 ക്രിക്കറ്റില്‍ അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്ക ഒരു റണ്‍സിന് വിജയിക്കുന്നത്. ഈ നേട്ടത്തില്‍ അവര്‍ ബഹുദൂരം മുമ്പിലാണ്. രണ്ടു തവണ ഒരു റണ്‍സ് വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്,അയര്‍ലന്‍ഡ്, കെനിയ എന്നിവരാണ് രണ്ടാമത്.

Related Articles

Back to top button