Cricket

ഇന്ത്യന്‍ പരിശീലകനാകാന്‍ ദാദയും !! ഇതിഹാസ താരം പറഞ്ഞതു കേട്ട് ആവേശത്തിലാറാടി ആരാധകര്‍

ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ബിസിസിഐയുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് 2024ലെ ട്വന്റി20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനായി ബിസിസിഐ അന്വേഷണം തുടങ്ങിയത്.

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളവരില്‍ മുന്‍നിരയിലുള്ള താരം. ഐപിഎല്‍ 2024ല്‍ ഉപദേശകനെന്ന നിലയില്‍ കെആറിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഇന്ത്യന്‍ പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ മൂല്യം കുതിച്ചുയര്‍ന്നിരുന്നു.

മുമ്പ് വിദേശ പരിശീലകരായ സ്റ്റീഫന്‍ ഫ്‌ളെമിംഗ്, റിക്കി പോണ്ടിംഗ്, ജസ്റ്റിന്‍ ലാംഗര്‍, മഹേള ജയവര്‍ധനെ, കുമാര്‍ സംഗക്കാര തുടങ്ങിയവരെ സമീപിച്ചെങ്കിലും ആരും അനുകൂല നിലപാട് എടുക്കാഞ്ഞ സാഹചര്യത്തില്‍ അന്വേഷണം ഗംഭീറിലെത്തുകയായിരുന്നു.

എന്നാല്‍ ഗംഭീര്‍ കൊല്‍ക്കത്തയുമായുള്ള ബന്ധം വിഛേദിച്ച് ഇന്ത്യന്‍ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാവുമോയെന്ന സംശയം ഉണ്ടായിരുന്നു.

അവസരം ലഭിച്ചാല്‍ സന്തോഷത്തോടെ ഇന്ത്യന്‍ പരിശീലകനാകുമെന്ന് ഗംഭീര്‍ വ്യക്തമാക്കിയതോടെ ആ സംശയം നീങ്ങി.

എന്നാല്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ഇപ്പോഴിതാ ഗംഭീറിന് ഒരു അപ്രതീക്ഷിത എതിരാളി ഉയര്‍ന്നുവന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്‍ ബിസിസിഐ പ്രസിഡന്റും ഇന്ത്യയുടെ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലിയാണ് രംഗത്തുവന്നിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ഗാംഗുലിയോട് ചോദിച്ചപ്പോള്‍ പരിശീലകനാകാനുള്ള തന്റെ നിലപാടിനെ കുറിച്ച് മുന്‍ ക്യാപ്റ്റന്‍ തുറന്നു പറഞ്ഞു. ‘ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, എഎന്‍ഐയോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ കോച്ചാവാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ ഗംഭീറിന് അത് ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എതിര്‍പ്പില്ലെന്നും ദാദ പറഞ്ഞു. ഗംഭീര്‍ ഈ റോളിലേക്കു വളരെ അനുയോജ്യനായ വ്യക്തിയാണെന്നും ഗാംഗുലി വ്യക്തമാക്കി.

ഇന്ത്യയുടെ മുഖ്യ പരിശീലകനായി അപേക്ഷിക്കാനുള്ള സമയപരിധി ഇതിനോടകം അവസാനിച്ചു. എന്നാല്‍ ഗാംഗുലി ആ റോളിനായി അപേക്ഷിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

Related Articles

Back to top button