Cricket

ലോകറെക്കോഡ് പ്രകടനവുമായി സ്‌നേഹ് റാണ !! ദക്ഷിണാഫ്രിക്കയ്ക്ക് ഫോളോ ഓണ്‍

ട്വന്റി20 ലോകകപ്പ് വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെല്ലാം. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ 17 വര്‍ഷങ്ങള്‍ക്കു ശേഷം ട്വന്റി20 കിരീടം നേടുമ്പോള്‍ തന്നെ ചെന്നൈയില്‍ നടക്കുന്ന മറ്റൊരു ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം ആരും ശ്രദ്ധിച്ചില്ല.

ചെന്നൈ ചെപ്പോക്കില്‍ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതാ ടെസ്റ്റില്‍ മൂന്നാം ദിവസമായ ഇന്ന് ഇന്ത്യ വ്യക്തമായ മേല്‍ക്കൈ നേടിയിരിക്കുകയാണ്.

ഇന്ത്യ 603ന് ആറ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 266 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

249ന് നാല് എന്ന നിലയില്‍ നിന്നും 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അവര്‍ക്ക് ശേഷിച്ച ആറു വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.

എട്ടു വിക്കറ്റുമായി ലോക റെക്കോഡ് പ്രകടനത്തിനൊപ്പമെത്തിയ സ്‌നേഹ് റാണയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 77 റണ്‍സ് വഴങ്ങിയാണ് റാണയുടെ എട്ടു വിക്കറ്റ് നേട്ടം.

വനിതാ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഒരു താരം എട്ട് വിക്കറ്റ് നേടുന്നത്.

1995ല്‍ ഇംഗ്ലണ്ടിനെതിരേ ജംഷ്ഡ്പൂരില്‍ 53 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്ത ഇന്ത്യന്‍ താരം നീതു ഡേവിഡിന്റെ പേരിലാണ് ടെസ്റ്റ് ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയയുടെ അനബെല്‍ സതര്‍ലന്‍ഡും എട്ടു വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. 66 റണ്‍സ് വഴങ്ങിയായിരുന്നു സതര്‍ലന്‍ഡിന്റെ നേട്ടം.

റാണയെക്കൂടാതെ രണ്ടു വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയും തിളങ്ങി. 74 റണ്‍സ് നേടിയ മരിസാന്‍ കാപ്പാണ് പ്രോട്ടിയാസിന്റെ ടോപ് സ്‌കോറര്‍. സുനെ ലൂയിസ്(65), ലോറ വോള്‍വാര്‍ട്ട്(20), അനിക് ബോഷ്(39),നദീന്‍ ഡി ക്ലര്‍ക്(39) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ഫോളോ ഓണിനെത്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിലവില്‍ 29ന് ഒന്ന് എന്ന നിലയിലാണ്. ഒമ്പത് റണ്‍സ് നേടിയ അനിക് ബോഷിനെ ദീപ്തി ശര്‍മ വിക്കറ്റിനു മുമ്പില്‍ കുരുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട്(15), സുനെ ലൂയിസ്(5) എന്നിവരാണ് ക്രീസില്‍.

നേരത്തെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ കുറിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

ടെസ്റ്റ് ചരിത്രത്തിലെ അതിവേഗ ഇരട്ട സെഞ്ചുറിയുമായി ഷെഫാലി വര്‍മയും തകര്‍പ്പന്‍ സെഞ്ചുറിയുമായി സ്മൃതി മന്ദനയും അടിച്ചു തകര്‍ത്തപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ പിറന്നത് 292 റണ്‍സായിരുന്നു.

ഓപ്പണിംഗിലെ ലോക റെക്കോഡും ഇതോടെ ഇവരുടെ പേരിലായി. പിന്നീട് വന്ന ജെമീമ റോഡ്രിഗസ്(55), ഹര്‍മന്‍ പ്രീത് കൗര്‍(69), റിച്ചാ ഘോഷ്(86) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

Related Articles

Back to top button