Cricket

അവന്‍ കളിക്കുന്നത് മുഹമ്മദ് അസറുദ്ദീനെപ്പോലെ !! രാജസ്ഥാന്‍ താരത്തെ പുകഴ്ത്തി സിദ്ധു

കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും വിജയിച്ച രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിന് തൊട്ടടുത്തെത്തിയിരിക്കുകയാണ്. വിജയങ്ങള്‍ക്കിടയിലും രാജസ്ഥാന് തലവേദനയായിരുന്നു യുവതാരം യശസ്വി ജയ്‌സ്വാളിന്റെ മോശം ഫോം.

എന്നാല്‍ മുംബൈയ്‌ക്കെതിരേ നടന്ന കഴിഞ്ഞ മത്സരത്തോടെ ആ ആശങ്ക മാറിക്കിട്ടി. തകര്‍പ്പന്‍ സെഞ്ചുറിയുമായി രാജസ്ഥാന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചതും താരമായിരുന്നു.

ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനത്തോടെ പരമ്പരയിലെ താരമായ ജയ്‌സ്വാളിന് പക്ഷെ ഐപിഎല്ലില്‍ ആദ്യ മത്സരങ്ങളില്‍ തിളങ്ങാനായില്ല.

ഈ സാഹചര്യത്തില്‍ താരത്തെ ടീമില്‍ നിന്നൊഴിവാക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നെങ്കിലും സെഞ്ചുറി നേട്ടത്തോടെ അവയുടെയെല്ലാം മുനയൊടിക്കാന്‍ ജയസ്വാളിനായി.

ഇപ്പോള്‍ താരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനുമായി ഉപമിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്ജ്യോത് സിങ് സിദ്ധു.

അസറിന്റെ കരിയറിനോട് സാമ്യമുള്ളതാണ് ജയ്സ്വാളിന്റെ പ്രകടനമെന്നും അദ്ദേഹത്തിന് കീഴില്‍ കളിച്ച സിദ്ധു പറഞ്ഞു.
‘ജെയ്സ്വാള്‍ മുഹമ്മദ് അസറുദ്ദിനെ പോലെയാണ്. കരിയറിന്റെ തുടക്കത്തില്‍ വളരെ മികച്ച പ്രകടനമാണ് ജെയ്സ്വാള്‍ പുറത്തെടുത്തത്. എന്നാല്‍ ഐപിഎല്ലില്‍ അവന്‍ പാടെ പരാജയപ്പെടുകയായിരുന്നു.

അസറിനും ഇത്തരമൊരു കഥയുണ്ടായിരുന്നു. മോശം ഫോമില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുത്താണ് അദ്ദേഹം തിരിച്ചുവന്നത്. ജയ്സ്വാളും ഇപ്പോള്‍ അതുതന്നെയാണ് ചെയ്തിരിക്കുന്നത്. ക്രിക്കറ്റിലെ തോല്‍വികളില്‍ നിന്നും നിങ്ങള്‍ക്ക് ഒളിച്ചോടാന്‍ സാധിക്കില്ല,’ സിദ്ധു പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 60 പന്തില്‍ നിന്നും പുറത്താകാതെ 104 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് സിക്സറുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടവും രാജസ്ഥാന്‍ ഓപ്പണര്‍ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ ഒരേ ടീമിനെതിരെ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും മുംബൈയ്‌ക്കെതിരായ മത്സരത്തോടെ ജയ്‌സ്വാളിന് സ്വന്തമായി.

2023ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 62 പന്തില്‍ 124 റണ്‍സായിരുന്നു ജെയ്സ്വാള്‍ നേടിയത്. ഏപ്രില്‍ 27ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. എസ്എസ്ജിയുടെ തട്ടകമായ എകാന സ്പോര്‍ട്സ് സിറ്റിയാണ് വേദി.

Related Articles

Back to top button