Cricket

ഞങ്ങള്‍ ഭാവി ക്യാപ്റ്റനായി കണ്ടത് പാണ്ഡ്യയെയും ഗില്ലിനെയുമൊന്നുമല്ലായിരുന്നു!! പക്ഷെ…വെളിപ്പെടുത്തലുമായി എംഎസ്‌കെ പ്രസാദ്

തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അതിനാല്‍ തന്നെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയ്ക്ക് പുതിയ നായകന്‍ ആവശ്യമാണ്.

ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളാണ് ഇതുവരെ ഭാവി നായക സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടത്.

എന്നാല്‍ ഐപിഎല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ശ്രേയസ് അയ്യര്‍ കൂടി ആ ലിസ്റ്റിലേക്ക് കടന്നു വന്നിരിക്കുകയാണ്.

ബാറ്റുകൊണ്ട് തിളങ്ങിയ താരം ഒരു നായകന്‍ എന്ന നിലയില്‍ പല ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് തന്റെ സെലക്ഷന്‍ കമ്മിറ്റി അയ്യറില്‍ പ്രതീക്ഷയര്‍പ്പിച്ച സമയത്തെക്കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു.

വിരാട് കോഹ്ലിക്കും രോഹിതിനും പകരക്കാരനായി ശ്രേയസ് അയ്യര്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യകരമായ പരിക്കുകള്‍ അദ്ദേഹത്തെ പട്ടികയില്‍ പിന്നിലാക്കുകയായിരുന്നുവെന്ന് പ്രസാദ് തുറന്നു പറഞ്ഞു.

”ഞങ്ങള്‍ക്ക് ക്യാപ്റ്റന്‍സിക്കായി ഒരു പിന്തുടര്‍ച്ച പദ്ധതി തയ്യാറാക്കിയിരുന്നു. എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നീ കാലഘട്ടങ്ങള്‍ക്ക് ശേഷം ഇന്ത്യയെ നയിക്കാന്‍ കഴിയുന്ന ഒരു കളിക്കാരനെ ഞങ്ങള്‍ തിരയുകയായിരുന്നു.

ശ്രേയസ് അയ്യര്‍, ഇന്ത്യ എയെ പത്തിനടുത്ത് പരമ്പരകളില്‍ നയിച്ചു, എട്ട് എണ്ണത്തിലും ടീം ജയിച്ചു. ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നും രവീന്ദ്ര ജഡേജയില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ അവനില്‍ നിക്ഷേപം നടത്തി.”

”നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് പരിക്കേറ്റു, ആ സമയത്ത് ഋഷഭ് പന്ത് മികച്ച പ്രകടനം കാഴ്ചവച്ചു. അതിനുമുമ്പ്, അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു, കൂടാതെ റിക്കി പോണ്ടിംഗിന്റെ പരിശീലനത്തിന് കീഴില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹത്തെ സഹായിച്ചു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എത്തി അവിടെ ടീമിനെ അവന്‍ സഹായിച്ചു. അവന്‍ കാര്യങ്ങള്‍ എല്ലാം ശരിയായി ചെയ്തു. അയ്യരെപ്പോലുള്ള യുവ കളിക്കാര്‍ക്കൊപ്പം, നേതൃത്വ ചുമതലകളില്‍ അവരെ സഹായിക്കാന്‍ ഒരു മികച്ച പിന്തുണാ സംവിധാനം ആവശ്യമാണ്.

രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ശ്രേയസ് അയ്യര്‍ മികച്ച ക്യാപ്റ്റനായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്,” എംഎസ്‌കെ പ്രസാദ് ബോറിയ മജുംദാറിനോട് പറഞ്ഞു.

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ശ്രേയസ് ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. ട്വന്റി20 ലോകകപ്പിനുള്ള ടീമിലും അദ്ദേഹത്തിന് ഇടം ലഭിച്ചില്ല.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ശ്രേയസ് അയ്യരെ വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവുകയായിരുന്നു.

Related Articles

Back to top button