Cricket

ഷെഫാലി വര്‍മയ്ക്ക് അതിവേഗ ഇരട്ട സെഞ്ചുറി !! ഇന്ത്യന്‍ ടീം കടപുഴക്കിയത് അനവധി റെക്കോഡുകള്‍

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പുതിയ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഷെഫാലി വര്‍മയുടെ ഇരട്ട സെഞ്ചുറിയുടെയും സ്മൃതി മന്ദനയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെയും ബലത്തില്‍ ഇന്ത്യ അടിച്ചു കൂട്ടിയത് 525 റണ്‍സ്. നാലു വിക്കറ്റുകളാണ് ആദ്യ ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്.

197 പന്തില്‍ 23 ഫോറും എട്ടു സിക്‌സറുകള്‍ ഉള്‍പ്പെടെ 205 റണ്‍സ് നേടിയ ഷെഫാലി റണ്ണൗട്ടാവുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (42), റിച്ച ഘോഷ് (43) എന്നിവരാണ് ക്രീസില്‍. ഏകദിന ശൈലിയില്‍ ബാറ്റുവീശുന്ന ഇരുവരും പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 66 പന്തില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

മറ്റൊരു ഓപ്പണര്‍ സ്മൃതി മന്ഥനയും സെഞ്ചുറി നേടി. 161 പന്തില്‍ 27 ഫോറും ഒരു സിക്‌സും സഹിതം 149 റണ്‍സാണ് സ്മൃതിയുടെ സംഭാവന.

ഓപ്പണിംഗ് വിക്കറ്റില്‍ 52 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും ചേര്‍ന്ന് അടിച്ചു കൂട്ടിയത് 292 റണ്‍സാണ്. വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.

എല്ലാ വിക്കറ്റിലുമായി ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടും. 1987ല്‍ ഓസീസ് താരങ്ങളായ ഡെനിസ് അനെറ്റ്‌സും ലിന്‍ഡ്‌സേ റീലറും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 309 റണ്‍സിന്റെ കൂട്ടുകെട്ടു മാത്രമാണ് മുമ്പില്‍.

അര്‍ധസെഞ്ചറി നേടിയ ജമീമ റോഡ്രിഗസ് (94 പന്തില്‍ 55), ശുഭ സതീഷ് (27 പന്തില്‍ 15) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഡെല്‍മി ടക്കര്‍ 26 ഓവറില്‍ 141 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നാദിന്‍ ഡി ക്ലെര്‍ക് ഒരു വിക്കറ്റും സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ദിവസം ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും ഇന്ത്യയ്ക്ക് സ്വന്തമായി.
1934-35 കാലഘട്ടത്തില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസീലന്‍ഡിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്ത 431 റണ്‍സിന്റെ റെക്കോര്‍ഡാണ് വഴിമാറിയത്.

ഇതിനു പുറമേ, വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഇന്ത്യയുടെ കയ്യെത്തും ദൂരത്താണ്. 2023ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്നെ പെര്‍ത്തില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഓസ്‌ട്രേലിയുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. 2002ല്‍ ഇംഗ്ലണ്ടിനെതിരെ 467 റണ്‍സെടുത്തതാണ് ഇതിനു മുന്‍പ് ഇന്ത്യയുടെ ഉയര്‍ന്ന ടോട്ടല്‍.

രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഷഫാലി. സൂപ്പര്‍താരം മിതാലി രാജാണ് ആദ്യമായി ഇരട്ടസെഞ്ചുറി നേടിയത്. 2002ല്‍ ഇംഗ്ലണ്ടിനെതിരെ 214 റണ്‍സാണ് മിതാലി നേടിയത്.

വനിതാ ക്രിക്കറ്റില്‍ പിറക്കുന്ന പത്താമത്തെ ഇരട്ടസെഞ്ചുറി കൂടിയാണിത്. 194 പന്തില്‍ ഇരട്ടസെഞ്ചുറിയിലെത്തിയ ഷഫാലി, അതിവേഗ ഇരട്ടസെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 248 പന്തില്‍ ഇരട്ടസെഞ്ചുറി നേടിയ അന്നാബെല്‍ സതര്‍ലന്‍ഡിനെയാണ് ഇന്ത്യന്‍ ഓപ്പണര്‍ പിന്നിലാക്കിയത്.

ഇന്നിങ്‌സില്‍ 104.06 ആണ് ഷഫാലിയുടെ സ്‌ട്രൈക്ക് റേറ്റ്. സെഞ്ചറി നേടുന്ന താരം 100നു മുകളില്‍ സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തുന്നത് വനിതാ ക്രിക്കറ്റിലെ ആദ്യ സംഭവമാണ്.

വനിതാ ക്രിക്കറ്റില്‍ ഒറ്റ ദിവസം ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോറും ഷഫാലിക്കു സ്വന്തം. പിന്നിലാക്കിയത് 1934ല്‍ 189 റണ്‍സടിച്ച കിവീസ് താരം എലിസബത്ത് സ്‌നോബോളിനെ. ഷഫാലിയുടെ എട്ടു സിക്‌സും റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു.

ഒരു ഇന്നിംഗ്‌സില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമായി ഷഫാലി. ഒരു ഇന്നിങ്‌സിലെ ആകെ ബൗണ്ടറികളുടെ എണ്ണത്തില്‍ (31) പാക്കിസ്ഥാന്‍ താരം കിരണ്‍ ബലൂച്ചിനു പിന്നിലാണ് ഷഫാലി. വെസ്റ്റിന്‍ഡീസിനെതിരെ 2004ല്‍ കറാച്ചിയില്‍ 38 ഫോറുകളാണ് കിരണ്‍ നേടിയത്.

അതേസമയം വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന കിരണ്‍ ബലൂച്ചിന്റെ റെക്കോഡ് ഇത്തവണയും തകര്‍ന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ 2004ല്‍ 242 റണ്‍സാണ് കിരണ്‍ ബലൂച്ച് നേടിയത്.

Related Articles

Back to top button