Cricket

അന്ന് ഞാന്‍ ആര്‍സിബിയ്ക്ക് കൊടുത്തത് എട്ടിന്റെ പണി !! വെളിപ്പെടുത്തലുമായി ഷെയ്ന്‍ വാട്‌സണ്‍

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ തിരിച്ചുവരവോടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇത്തവണ പ്ലേ ഓഫ് ഉറപ്പിച്ചത്.

ആദ്യ എട്ടു മത്സരങ്ങളില്‍ ഏഴിലും തോറ്റ അവര്‍ അവസാന ആറു മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കുകയായിരുന്നു. 2016ലാണ് ആര്‍സിബി അവസാനമായി ഐപിഎല്‍ ഫൈനല്‍ കളിച്ചത്. എന്നാല്‍ അന്ന് ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെടുകയായിരുന്നു.

അന്നത്തെ കിരീട നഷ്ടത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍. 2016ല്‍ ഐപിഎല്‍ കിരീടം നഷ്ടപെടുത്തിയതിനെക്കുറിച്ച് ബാംഗ്ലൂര്‍ ആരാധകരോട് അടുത്തിടെ ബംഗളൂരുവിലെ പ്രസിഡന്‍സി യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ താരം ക്ഷമാപണം നടത്തുകയായിരുന്നു.

2008 മുതല്‍ 2015 വരെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിച്ച താരം 2016ലും 2017ലും ഓസീസ് ആര്‍സിബിക്ക് വേണ്ടി താരം കളിച്ചു.

ഏറെക്കുറെ നിലവിലെ സീസണു സമാനമായ പ്രകടനമായിരുന്നു ആര്‍സിബി അന്നും പുറത്തെടുത്തത്. പത്തു മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റ് മാത്രമുണ്ടായിരുന്ന ടീം അവസാന നാലുകളികള്‍ തുടര്‍ച്ചയായി ജയിച്ചാണ് പ്ലേ ഓഫിലെത്തിയത്. തുടര്‍ന്ന് ഫൈനലിലെത്താനും അവര്‍ക്കായി.

എന്നിരുന്നാലും, ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ആര്‍സിബി തല്ലുകൊള്ളികളായപ്പോള്‍ ഹൈദരാബാദ് 20 ഓവറില്‍ 208/7 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിത്.

നാലോവറില്‍ 61 റണ്‍സ് വിട്ടു കൊടുത്ത വാട്‌സനായിരുന്നു ഏറ്റവും വലിയ തല്ലുകൊള്ളി. ബാറ്റിംഗിനിറങ്ങിയപ്പോള്‍ വെറും ഒമ്പത് റണ്‍സില്‍ താരം പുറത്താവുകയും ചെയ്തു.

”ഇന്ന് രാത്രി ഇവിടെയുള്ള എല്ലാ ആര്‍സിബി ആരാധകരോടും എനിക്ക് ക്ഷമാപണം നടത്താന്‍ തോന്നുന്നു. ആര്‍സിബി ആരാധകരോട് എനിക്ക് വളരെയധികം മാപ്പ് പറയേണ്ടതിന്റെ കാരണം 2016 ഐപിഎല്‍ ഫൈനല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന കാര്യത്തെക്കുറിച്ച് എനിക്ക് വിഷമം ഉണ്ട്.

മികച്ച പ്രകടനം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അന്നായില്ല. ബൗളിംഗ് നോക്കിയാല്‍ ഞാന്‍ ദയനീയ പ്രകടനമാണ് നടത്തിയത്.” വാട്‌സണ്‍ പറഞ്ഞു.

എന്നാല്‍ ഫൈനല്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മികച്ച ബൗളിംഗ് പ്രകടനമാണ് വാട്‌സണ്‍ ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റ് നേടാനും താരത്തിനായി. എന്തായാലും ഇത്തവണ ആര്‍സിബി കപ്പ് അടിക്കട്ടെയെന്നും വാട്‌സണ്‍ ആശംസിച്ചു.

Related Articles

Back to top button