Cricket

ഗംഭീറിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കി ഷാരൂഖ് ഖാന്‍ !! ഇന്ത്യന്‍ പരിശീലകനാക്കാനുള്ള ബിസിസിഐയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

ട്വന്റി20 ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുന്ന മുറയ്ക്ക് പുതിയ പരിശീലകനെ നിയമിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിസിസിഐ.

വിദേശ പരിശീലകരായ സ്റ്റീഫന്‍ ഫ്‌ളെമിംഗ്, റിക്കി പോണ്ടിംഗ്, ജസ്റ്റിന്‍ ലാംഗര്‍, മഹേള ജയവര്‍ധന, കുമാര്‍ സംഗക്കാര തുടങ്ങിയവരെല്ലാം കൈമലര്‍ത്തിയതോടെ ബിസിസിഐയ്ക്ക് മുമ്പില്‍ അവശേഷിക്കുന്ന ഏറ്റവും പ്രധാന ഓപ്ഷന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററും മുന്‍ താരവുമായ ഗൗതം ഗംഭീറാണ്.

ഗംഭീറിന്റെ ഉപദേശകത്വത്തില്‍ ഇത്തവണ കൊല്‍ക്കത്ത കപ്പടിക്കുക കൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് വാല്യൂ ഉയര്‍ന്നു.

കഴിഞ്ഞ കുറേ ദിവസമായി ഗംഭീറിനു പിന്നാലെയാണ് ബിസിസിഐ എന്നാണ് വിവരം. എന്നാല്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐയ്ക്ക് അത്ര ശുഭകരമല്ല.

നായകനായി രണ്ടു തവണയും മെന്ററായി ഒരു തവണയും കൊല്‍ക്കത്തയെ ചാംപ്യന്‍മാരാക്കിയ ഗംഭീറിനെ പത്തുവര്‍ഷത്തേക്ക് കൊല്‍ക്കത്തയില്‍ നിലനിര്‍ത്താനാണ് ടീം ഉടമ ഷാരൂഖ് ഖാന്റെ ശ്രമിക്കുന്നതെന്നും ഇതിനായി ഷാരൂഖ് ഗംഭീറിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നല്‍കിയെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇഷ്ടമുള്ള തുക പ്രതിഫലമായി ഗംഭീറിന് നിശ്ചയാക്കാമെന്നാണ് ഷാരൂഖിന്റെ നിലപാട്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ ഗംഭീര്‍ താല്‍പര്യം അറിയിച്ച പശ്ചാത്തലത്തിലാണ് ഷാരൂഖിന്റെ ബ്ലാങ്ക് ചെക്ക് ഓഫര്‍.

ഐപിഎല്ലിനിടെ ബിസിസിഐ സെക്രട്ടറി ജയ്ഷായുമായി കൂടിക്കാഴ്ച നടത്തിയ ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ ബിസിസിഐയ്ക്ക് മുന്നില്‍ ഒരേയൊരു ഉപാധിവച്ചിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദ്രാവിഡിന്റെ പകരക്കാരനെ നിയമിക്കാന്‍ ബിസിസിഐ പരിശീലകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ നല്‍കുകയാണെങ്കില്‍ തന്നെ പരിശീലകനായി നിയമിക്കണമെന്നാണ് കൊല്‍ക്കത്തയെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ഗംഭീറിന്റെ ആവശ്യം.

ഗംഭീറിന്റെ ഉപാധിയോട് എന്ത് മറുപടി നല്‍കിയെന്നും ഇതുവരെ എത്രപേര്‍ പരിശീലകനാവാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

അതേസമയം ഷാരൂഖ് ഖാന്‍ വമ്പന്‍ ഓഫര്‍ വച്ചതോടെ ഗംഭീര്‍ ഇന്ത്യന്‍ പരിശീലക മോഹം ഉപേക്ഷിക്കാനാണ് സാധ്യതയെന്ന് ഒരു വിഭാഗം ആരാധകര്‍ പറയുന്നു.

Related Articles

Back to top button