Cricket

ഇക്കുറി കിരീടം പാക്കിസ്ഥാനിലെത്തുമെന്ന് അഫ്രീദി !! ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയെന്ന് അവകാശവാദം

ട്വന്റി20 ലോകകപ്പ് സ്വപ്‌നം കാണുന്ന ടീമുകള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് നിര പാക്കിസ്ഥാന്റേതാണെന്നാണ് അഫ്രീദിയുടെ അവകാശവാദം.

ബാബര്‍ അസം നയിക്കുന്ന പാക് ടീം ലോകകപ്പിലെ ഏറ്റവും അപകടകരമായ ബൗളിംഗ് നിരയാകുമെന്നും ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐസിസി കിരീടം പാകിസ്ഥാനില്‍ എത്തുമെന്നും അഫ്രീദി പറയുന്നു.

ഷഹീദ് അഫ്രീദിയുടെ മരുമകന്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് ടീമിലെ പ്രധാന പേസര്‍. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇടങ്കയ്യന്‍ പേസര്‍ മുഹമ്മദ് ആമിറിന്റെ തിരിച്ചുവരവാണ് മറ്റൊരു പ്രത്യേകത.

മറ്റൊരു ടീമിനും ഇത്ര മികച്ചൊരു ബൗളിംഗ് നിരയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പാകിസ്താന്റെ നാല് പേസര്‍മാരും മികച്ച താരങ്ങളാണ്. ബെഞ്ചിലിരിക്കുന്ന അബാസ് അഫ്രീദിയെപ്പോലുള്ളവരെയും നന്നായി ഉപയോഗിക്കാന്‍ കഴിയും.

ലോകോത്തര ബാറ്റിംഗ് നിരയുടെ തകര്‍ച്ചയ്ക്ക് കാരണമാകാന്‍ കഴിയുന്നവരാണ് പാക് ബൗളര്‍മാര്‍. എല്ലാ താരങ്ങള്‍ക്കും അതിനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും അഫ്രീദി ഓര്‍മ്മിപ്പിച്ചു.

ട്വന്റി20 ലോകകപ്പില്‍ ജൂണ്‍ ആറിനാണ് പാകിസ്താന്റെ ആദ്യ മത്സരം. അമേരിക്കയാണ് എതിരാളികള്‍. ജൂണ്‍ ഒമ്പതിനാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യയുമായുള്ള പോരാട്ടം.

കാനഡ, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരേയും പ്രാഥമിക റൗണ്ടില്‍ പാകിസ്താന് മത്സരമുണ്ട്. ഏകദിന ലോകകപ്പിന് പിന്നാലെ ഉണ്ടായ വിവാദങ്ങള്‍ക്ക് കിരീട നേട്ടത്തോടെ മറുപടി പറയുക എന്ന ലക്ഷ്യത്തോടെയാവും പാക്കിസ്ഥാന്‍ ലോകകപ്പിനിറങ്ങുക.

Related Articles

Back to top button