Cricket

സിംബാബ്‌വെ പര്യടനത്തിനുള്ള സ്‌ക്വാഡില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ !! ലോകകപ്പില്‍ അവസരം കിട്ടാത്തവരെല്ലാം ടീമില്‍ ഉണ്ടാവുമെന്ന് സൂചന

ട്വന്റി20 ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യയുടെ സിംബാബ് വെ പര്യടനത്തിനുള്ള ടീമില്‍ ലോകകപ്പ് ടീമില്‍ അവസരം ലഭിക്കാത്ത താരങ്ങള്‍ക്കെല്ലാം അവസരം ലഭിക്കുമെന്ന് സൂചന.

ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ കൃത്യം ഒരാഴ്ച കഴിഞ്ഞാണ് ഇന്ത്യന്‍ ടീമിന്റെ സിംബാബ് വെ പര്യടനം ആരംഭിക്കുന്നത്. ജൂലൈ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം.

തുടര്‍ന്നുള്ള മത്സരങ്ങള്‍ ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 തീയതികളില്‍ ആയിരിക്കും നടക്കുക. അഞ്ച് മത്സരങ്ങള്‍ക്കും ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.

യുവ താരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ സീനിയര്‍ കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുമെന്നുറപ്പാണ്.

സൂപ്പര്‍ താരം വിരാട് കോഹ് ലിയും നായകന്‍ രോഹിത് ശര്‍മയുമൊന്നും പരമ്പരയ്ക്ക് ഉണ്ടാവില്ല. യുവതാരങ്ങളെ ഇറക്കിയുള്ള പരീക്ഷണമാവും ഇന്ത്യ ലക്ഷ്യമിടുക.

ഐപിഎല്ലിന്റെ കനത്ത ജോലിഭാരത്തിന്റെ ക്ഷീണവും ട്വന്റി20 ലോകകപ്പ് ഫൈനലില്‍ എത്തിയാല്‍ ഒമ്പതു മത്സരങ്ങള്‍ കളിക്കേണ്ടി വരുന്ന അവസ്ഥയുമുള്ളതിനാല്‍ ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് ജസ്പ്രീത് ബുംറ എന്നിവരും ടീമിന്റെ ഭാഗമായി ഉണ്ടാകില്ല.

ഓസ്ട്രേലിയയ്ക്കെതിരായ ഹോം പരമ്പരയിലും കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവ് ആയിരിക്കും ടീമിന്റെ ക്യാപ്റ്റനാകാന്‍ കൂടുതല്‍ സാധ്യതയുള്ള താരം. റിഷഭ് പന്തിനെ നായകനാക്കാനും സാധ്യതയുണ്ട്.

ശുഭ്മാന്‍ ഗില്ലും റിങ്കു സിംഗും ടീമിന്റെ ഭാഗമാകുമെന്ന് ഉറപ്പാണ്. സഞ്ജു സാംസണ്‍ തന്റെ സ്ഥാനം നിലനിര്‍ത്തും. 2024 ലെ ഐപിഎല്ലിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ അഭിഷേക് ശര്‍മയുടെ അരങ്ങേറ്റത്തിനും പരമ്പര സാക്ഷ്യം വഹിച്ചേക്കും.

ഐപിഎല്‍ 2024 ല്‍ എമേര്‍ജിംഗ് പ്ലെയര്‍ അവാര്‍ഡ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നും പ്രകടനം നടത്തിയ ഹര്‍ഷിത് റാണയെ ടീമിലെടുക്കാന്‍ സാധ്യതയേറെയാണ്. മായങ്ക് യാദവ്, മൊഹ്സിന്‍ ഖാന്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരും പ്രധാന ടീമിന്റെ ഭാഗമാകും.

രവീന്ദ്ര ജഡേജയ്ക്കും കുല്‍ദീപ് യാദവിനും വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇത് വാഷിംഗ്ടണ്‍ സുന്ദറിനും രവി ബിഷ്ണോയിക്കും സാധ്യത തുറന്നു നല്‍കും.


കഴിഞ്ഞ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത്തെ താരമായ റിയാന്‍ പരാഗും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി മികച്ച പ്രകടനം കാഴ്ച വച്ച അതിവേഗ ബൗളര്‍ മായങ്ക് യാദവും അരങ്ങേറ്റം കുറിക്കാന്‍ സാധ്യത കൂടുതലാണ്.

ലോകകപ്പില്‍ ഇനി സഞ്ജു സാംസണ് അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്നിരിക്കേ സിംബാബ്‌വെയ്‌ക്കെതിരേ താരം കളിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് ചെറുതല്ലാത്ത സന്തോഷം നല്‍കുന്നുണ്ട്.

Related Articles

Back to top button