Cricket

തോറ്റെങ്കിലും ഒരു കിണ്ണംകാച്ചി റെക്കോഡ് നേടി സ്‌കോട്ടിഷ് ബാറ്റര്‍ !! വമ്പന്മാര്‍ക്കു പോലുമില്ലാത്ത നേട്ടം

ട്വന്റി20 ലോകകപ്പില്‍ ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ അഞ്ചു വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകര്‍ത്തത്. ഓസീസിനെയും സ്‌കോട്ട്‌ലന്‍ഡിനെയും മാത്രമല്ല ഇംഗ്ലണ്ടിനെയും സംബന്ധിച്ച് ഈ മത്സരം അതീവ നിര്‍ണായകമായിരുന്നു.

മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ സ്‌കോട്ട്‌ലന്‍ഡിന് സൂപ്പര്‍ എട്ടിലേക്ക് മുന്നേറാമായിരുന്നു. സ്‌കോട്ടിഷ് ടീം പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ കടക്കുകയായിരുന്നു. മത്സരഫലം ഓസ്‌ട്രേലിയയുടെ മുമ്പോട്ടുള്ള പ്രയാണത്തില്‍ യാതൊരു സ്വാധീനവും ചെലുത്തില്ലായിരുന്നുവെങ്കിലും മത്സരം ജയിക്കുക അവരെ പ്രധാനമായിരുന്നു.

മത്സരത്തില്‍ തോറ്റാല്‍ ഇംഗ്ലണ്ട് ടീമും ആരാധകരും ഓസ്‌ട്രേലിയയ്‌ക്കെതിരേ ഒത്തുകളി ആരോപണം ഉയര്‍ത്തുമായിരുന്നു. ഓസ്‌ട്രേലിയന്‍ ബൗളര്‍ ജോഷ് ഹേസല്‍വുഡിന്റെ വിവാദ പരാമര്‍ശം മൂലം ചൂടുപിടിച്ച മത്സരം ഏതു വിധേനയും ജയിക്കുക എന്നത് അങ്ങനെ ഓസ്‌ട്രേലിയയുടെ അഭിമാന പ്രശ്‌നവുമായി.

സെന്റ്‌ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസീസ് എതിരാളികളെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ആണ് സ്‌കോട്ലാന്‍ഡ് നേടിയത്.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി ഓസ്‌ട്രേലിയ വിജയിക്കുകയായിരുന്നു.

സ്‌കോട്ലാന്‍ഡിനു വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് സൗത്ത് മുന്‍ ആഫ്രിക്കന്‍ താരമായ ബ്രണ്ടന്‍ മക്മുള്ളനാണ്. 34 പന്തില്‍ 66 റണ്‍സ് നേടിയാണ് താരം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ആറ് സിക്സ്റും രണ്ട് ബൗണ്ടറിയും അടക്കം 176.47 എന്ന മാരക സ്ട്രൈക്ക് റേറ്റിനാണ് താരം ബാറ്റ് വീശിയത്.

ഓപ്പണര്‍ ജോര്‍ജ് മുന്‍സിയും മികച്ച പ്രകടനം കാഴ്ചവച്ചു. 23 പന്തില്‍ നിന്നും 35 റണ്‍സ് താരം നേടിയത്. മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കമായിരുന്നു മുന്‍സിയുടെ ഇന്നിംഗ്‌സ്.

152.17 എന്ന് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. കിടിലന്‍ റിവേഴ്സ് സ്‌കൂപ്പിലൂടെ താരം ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഇതോടെ ഒരു ഇരട്ട റെക്കോഡും താരത്തിന് നേടാന്‍ സാധിച്ചിരിക്കുകയാണ്.


ട്വന്റി20 ലോകകപ്പില്‍ റിവേഴ്സ് സ്‌കൂപ്പിലൂടെ റണ്‍സ് നേടിയവരില്‍ എറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റുള്ള താരമാകാനാണ് മുന്‍സിയ്ക്ക് സാധിച്ചത് (കുറഞ്ഞത് 30 പന്ത് കളിച്ചതില്‍). 217 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

എന്നാല്‍ ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ട്വന്റി20യില്‍ റിവേഴ്സ് സ്‌കൂപ്പിലൂടെ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന താരം എന്ന നേട്ടമാണ് മുന്‍സി സ്വന്തമാക്കിയത്.

ട്വന്റി20 ഇന്റര്‍നാഷണലില്‍ സ്‌കോട്ലാന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും ജോര്‍ജ് തന്നെ. 85 ഇന്നിംഗ്‌സില്‍ നിന്ന് 2194 റണ്‍സാണ് താരം നേടിയത്.

ട്രവിസ് ഹെഡിന്റെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ഓസീസ് വിജയം പിടിച്ചെടുത്തത്.
49 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്.

സ്റ്റോയിനിസ് 29 പന്തില്‍ രണ്ട് സിക്‌സറും ഒമ്പത് ഫോറും അടക്കം 59 റണ്‍സും നേടി. അവസാനം ടിം ഡേവിഡ് 24 റണ്‍സ് നേടി മത്സരം സിക്‌സറിലൂടെ ഫിനിഷ് ചെയ്യുകയായിരുന്നു.

Related Articles

Back to top button