Cricket

ഇറാസ്മസിന്റെ ഓള്‍റൗണ്ട് പ്രകടനത്തിനും നമീബിയയെ രക്ഷിക്കാനായില്ല !! സ്‌കോട്ട്‌ലന്‍ഡിന് ജയം

വമ്പന്മാരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അടങ്ങുന്ന ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തി സ്‌കോട്ട്‌ലന്‍ഡ്.ഇന്നു നടന്ന മത്സരത്തില്‍ നമീബിയയെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് സ്‌കോട്ടിഷ് പട വിജയം പിടിച്ചെടുത്തത്.

ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നമീബിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

നിശ്ചിത 20 ഓവറില്‍ 155 റണ്‍സാണ് അവര്‍ക്ക് നേടാനായത്. ക്യാപ്റ്റന്‍ ജെറാഡ് ഇറാസ്മസ്(31 പന്തില്‍ 52), സെയ്ന്‍ ഗ്രീന്‍(28), നിക്കോ ഡേവിന്‍(20) എന്നിവരാണ് നമീബിയയുടെ പ്രധാന സ്‌കോറര്‍മാര്‍.

മൂന്നു വിക്കറ്റെടുത്ത ബ്രാഡ്‌ലി വീല്‍, നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ബ്രാഡ്‌ലി ക്യൂറി എന്നിവരാണ് സ്‌കോട്ട്‌ലന്‍ഡ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. ക്രിസ് സോള്‍, ക്രിസ് ഗ്രീവ്‌സ്, മൈക്കള്‍ ലീസ്‌ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

156 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് 18.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. റിച്ചി ബെറിംഗ്ടണ്‍(47 നോട്ടൗട്ട്), മൈക്കല്‍ ജോണ്‍സ് (26), മൈക്കല്‍ ലീസ്‌ക്(17 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോട്ട്‌ലന്‍ഡിനു തുണയായത്.

നമീബിയയ്ക്കായി ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് രണ്ടു വിക്കറ്റ് വീഴ്ത്തി. റൂബന്‍ ട്രംപല്‍മാന്‍, ടാംഗേനി ലുംഗാമേനി, ബെര്‍നാഡ് ഷൂള്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മൈക്കല്‍ ലീസ്‌കാണ് കളിയിലെ താരം. ഒമ്പതിന് ഒമാനെതിരേയാണ് സ്‌കോട്ട്‌ലന്‍ഡിന്റെ അടുത്ത മത്സരം.

Related Articles

Back to top button