Cricket

കാനഡയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് സാധ്യത !! പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് മറ്റൊരു വെല്ലുവിളി

ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുകയാണ്. അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കുതിച്ചത്.

ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ ഇന്ത്യ നാലാമത്തെ മത്സരവും വിജയിച്ച് സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കാനാണ് ഇന്ന് കാനഡയ്‌ക്കെതിരേ കളത്തിലിറങ്ങുന്നത്.

ഫ്ളോറിഡയിലെ സന്‍ഡ്രല്‍ ബ്രൊവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. എന്നാല്‍ ഈ മത്സരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്നത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ലോകകപ്പ് അരങ്ങേറ്റമാണ്.

സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, റിസര്‍വ് താരങ്ങളായ ശുഭ്മന്‍ ഗില്‍, ആവേശ് ഖാന്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ആവേശ് ഖാനും ശുഭ്മാന്‍ ഗില്ലും ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കാനഡയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്തുന്ന പരിശീലനത്തില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാലോ ഇലവനില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചാലോ സഞ്ജുവിന് നറുക്ക് വീഴുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സഞ്ജുവിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയാലും കളിക്കാന്‍ സാധ്യത വളരെ കുറവാണ്. ഫ്‌ളോറിഡയില്‍ ഇന്ന് മഴയ്‌ക്കൊപ്പം മിന്നലും വെള്ളപ്പൊക്കത്തിന്റെ പ്രവചനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഫ്ളോറിഡയില്‍ മഴ പെയ്യാന്‍ 50 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനവും പറയുന്നത്.

ഇതോടെ തന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് ഭാഗ്യത്തിന്റെ കൂടെ പിന്തുണ നേടേണ്ട ഗതികേടിലാണ് സഞ്ജു. ഫ്ളോറിഡയില്‍ കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ പെയ്യുന്നുണ്ട്.

ഇലവനില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താനും മഴ പെയ്യാതിരിക്കാനുമുള്ള പ്രാര്‍ഥനയിലാണ് മലയാളി ആരാധകര്‍.

Related Articles

Back to top button