Cricket

ഒന്നും പറയാന്‍ പറ്റുന്നില്ല !! ലോകകപ്പ് നേട്ടത്തിനു പിന്നാലെയുള്ള സഞ്ജുവിന്റെ വീഡിയോ

ട്വന്റി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിന്റെ കിരീടനേട്ടത്തില്‍ പങ്കാളിയാകാന്‍ മലയാളി താരം സഞ്ജു സാംസണ് ഭാഗ്യമുണ്ടായി.

ലോകകപ്പ് നേട്ടത്തിന്റെ സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കുന്നതല്ലെന്നും വികാരപരമായ നിമിഷങ്ങളാണ് ഇതെന്നും പറയുകയാണ് സഞ്ജു ഇപ്പോള്‍.

ഫൈനല്‍ വിജയത്തിനു പിന്നാലെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ലെയ്‌സന്‍ ഓഫിസറായിരുന്ന മലയാളി സിബി ഗോപാലകൃഷ്ണനുമായി നടത്തിയ സംഭാഷണത്തിലാണ് സഞ്ജുവിന്റെ പ്രതികരണം.

ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോ, സിബി തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘കണ്ടല്ലോ, കിട്ടിയിട്ടുണ്ടേ’ എന്നു പറഞ്ഞ് ലോകകപ്പ് വിജയികള്‍ക്കുള്ള മെഡല്‍ കാണിച്ചാണ് വിഡിയോയില്‍ സഞ്ജു സംസാരിച്ചു തുടങ്ങുന്നത്. ”ഒന്നും പറയാന്‍ പറ്റുന്നില്ല. അങ്ങനെയൊരു ഇമോഷണലായിട്ടുള്ള ഒരു സംഭവമാണ്. വാക്കുകള്‍ കിട്ടാത്ത ഒരു സമയമാണ്. ഭയങ്കര സന്തോഷം. ഇത്രയും വലിയൊരു അവസരത്തിന്, ഇത്രയും വലിയൊരു മൊമന്റിന് ഇവിടെയുള്ളത് തന്നെ വലിയ ഭാഗ്യം.

ഈ ടീമിന്റെ ഭാഗമായതില്‍ വലിയ സന്തോഷം. നമ്മള്‍ ജയിക്കണമായിരുന്നു. നമ്മള്‍ കുറേ ഇങ്ങനെ പറ്റിച്ചോണ്ട് ഇരിക്കുകയായിരുന്നു. ഫൈനല്‍ എത്തും, സെമിഫൈല്‍ എത്തും. ഇത്തവണ നമ്മുക്കെല്ലാവര്‍ക്കും അറിയാമായിരുന്നു ലോകകപ്പ് കിട്ടുമെന്ന്.

അതു കിട്ടിയതില്‍ വലിയ സന്തോഷം.” സഞ്ജു പറഞ്ഞു. മലയാളി ടീമിലുണ്ടെങ്കില്‍ ലോകകപ്പ് കിട്ടുമെന്ന് വിശ്വാസത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് , ” ഇനി വിശ്വസിച്ചേ പറ്റൂ, ഇപ്പോ അങ്ങനെയായി പോയില്ലേ” എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

കരുനാഗപ്പള്ളി സ്വദേശിയായ സിബി 20 വര്‍ഷം മുമ്പ് ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ലഭിച്ചതോടെയാണ് സെന്റ് ലൂസിയയില്‍ എത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് ടീം മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമിയെ പരിചയപ്പെട്ടതാണ് സിബിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. മുമ്പ് വിവിധ ടൂര്‍ണമെന്റുകളില്‍ വോളണ്ടിയറായി പ്രവര്‍ത്തിച്ചിട്ടുള്ള സിബി ഇതോടെ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലേക്ക് ചുവടു വയ്ക്കുകയായിരുന്നു. നിലവില്‍ സെന്റ് ലൂസിയ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററാണ് സിബി.

Related Articles

Back to top button