Cricket

ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഉജ്ജ്വല പ്രകടനം പുറത്തെടുക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത്!! തുറന്നു പറഞ്ഞ് സഞ്ജു

ട്വന്റി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പ്രഥമ ട്വന്റി20 കിരീടം നേടിയ ഇന്ത്യയ്ക്ക് പിന്നീടൊരിക്കലും കുട്ടിക്രിക്കറ്റിലെ കിരീടത്തില്‍ മുത്തമിടാനായില്ല.

ഇത്തവണ എന്തു വില കൊടുത്തും ട്വന്റി20 കിരീടം ഇന്ത്യയിലെത്തിക്കുകയാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതിനായി ശക്തമായ ടീമിനെയാണ് ബിസിസിഐ അയച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിലേറ്റ തോല്‍വിയുടെ വേദന തീരണമെങ്കില്‍ ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും ഈ കിരീടം കൂടിയേ തീരൂ.

ഇന്ത്യന്‍ ടീമിനൊപ്പം തന്റെ ആദ്യ മേജര്‍ ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍.

ഇപ്പോഴിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. സ്റ്റാര്‍ സ്പോര്‍ട്സ് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് സഞ്ജു ഇക്കാര്യം പറയുന്നത്.

‘എനിക്ക് എന്നില്‍ വളരെയധികം വിശ്വാസം ഉണ്ടായിരുന്നു. കാര്യങ്ങള്‍ പഴയതുപോലെ ആവാതെ എല്ലാം മാറുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ കഴിവിനോട് ഞാന്‍ നീതിപുലര്‍ത്തിയാല്‍ എനിക്ക് അത് ഉപയോഗപ്രദമാകും എന്ന് ഞാന്‍ കരുതി.

ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു വേദിയില്‍ കളിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ എന്റെ രാജ്യത്തിനായി എനിക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ സഞ്ജു സാംസണ്‍ പറഞ്ഞു.

അടുത്തിടെ അവസാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം സീസണില്‍ മികച്ച പ്രകടനമായിരുന്നു സഞ്ജുവും രാജസ്ഥാന്‍ റോയല്‍സും നടത്തിയത്.

രാജസ്ഥാന്‍ റോയല്‍സിനെ രണ്ടാം ക്വാളിഫയര്‍ വരെ എത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം സഞ്ജു പുറത്തെടുത്തത്.

അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 531 റണ്‍സാണ് മലയാളി താരം അടിച്ചുകൂട്ടിയത്. 48.27 ആവറേജിലും 153. 47 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാമതെത്താനും സഞ്ജുവിനായി.

2025ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ട്വന്റി20യില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ഇതുവരെ 22 രാജ്യാന്തര ട്വന്റി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഒരു അര്‍ധസെഞ്ചുറി അടക്കം 374 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

ട്വന്റി20 അരങ്ങേറ്റം കഴിഞ്ഞ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഏകദിനത്തില്‍ അരങ്ങേറിയ സഞ്ജു 14 ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 510 റണ്‍സാണ് നേടിയത്.

എന്തായാലും സഞ്ജു പഴയ സഞ്ജുവല്ലെന്ന് തെളിയാന്‍ ഈ ഐപിഎല്ലിലൂടെ താരത്തിനു കഴിഞ്ഞു. ആത്മവിശ്വാസം സ്ഫുരിക്കുന്ന ഈ വാക്കുകളും ആരാധകര്‍ക്ക് ആവേശം പകരുകയാണ്.

ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എന്നാല്‍ മത്സരത്തില്‍ വിക്കറ്റ് കീപ്പറാവുക ഋഷഭ് പന്തായിരിക്കുകമെന്ന് സൂചനയുണ്ട്.

Related Articles

Back to top button