Cricket

എന്റെ റെക്കോഡ് തകര്‍ത്തപ്പോള്‍ തന്നെ അവന്റെ റേഞ്ച് ഞാന്‍ മനസ്സിലാക്കി !! യുവതാരത്തെ പുകഴ്ത്തി സഞ്ജു സാംസണ്‍

ട്വന്റി20 ലോകകപ്പിനു ശേഷം നടക്കുന്ന സിംബാബ്‌വെന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തലമുറ മാറ്റം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ടീം പ്രഖ്യാപനം.

ഐപിഎല്ലില്‍ തിളങ്ങിയ നിരവധി യുവതാരങ്ങളാണ് സ്‌ക്വാഡില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍താരം റിയാന്‍ പരാഗുമുണ്ട്.

ജൂലായ് 6 ന് ഹരാരെയില്‍ ആരംഭിക്കുന്ന സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ടീമിനെ ജൂണ്‍ 24 തിങ്കളാഴ്ചയാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

പരാഗിനൊപ്പം അഭിഷേക് ശര്‍മ്മ, നിതീഷ് റെഡ്ഡി, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പരിക്ക് നിതീഷ് റെഡ്ഡിയ്ക്ക് തിരിച്ചടിയായി. പകരക്കാരനായി ശിവം ദുബെയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് അവരുടെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ റിയാന്‍ പരാഗിനെ പ്രശംസിക്കുന്ന ഒരു വീഡിയോ പങ്കിട്ടു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന അവിസ്മരണീയമായ ഒരു മത്സരം സാംസണ്‍ അനുസ്മരിച്ചു, അവിടെ പരാഗ് 17 വയസ്സും 175 ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ധ സെഞ്ചുറി നേടിയതാണ്.

ഐപിഎല്‍ ചരിത്രത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന സഞ്ജുവിന്റെ റെക്കോര്‍ഡ് തകര്‍ത്തു കൊണ്ടായിരുന്നു പരാഗിന്റെ നേട്ടം.

പരാഗിന്റെ പ്രത്യേക കഴിവിനെപ്പറ്റി സഞ്ജു വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെ: ”റിയാന്‍ എല്ലായ്‌പ്പോഴും എന്റെ മനസ്സില്‍ വളരെ രസകരമായ ഒരു പേരായിരുന്നു. കോട്ലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കളിച്ച കളി മുതല്‍, ഐപിഎല്‍ ചരിത്രത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുള്ള എന്റെ റെക്കോര്‍ഡ് അവന്‍ തകര്‍ത്തപ്പോള്‍ മുതല്‍ അവന്‍ താരവുമായി. അവന്‍ ഒത്തിരി കഴിവുള്ള താരമാണ്.”


2019ലെ അരങ്ങേറ്റത്തിന് ശേഷം സ്ഥിരതയില്ലായ്മയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട പരാഗ് ഈ സീസണില്‍ തന്റെ പേരുദോഷം മാറ്റുന്ന പ്രകടനമാണ് പുറത്തെടുത്തത്.

15 ഇന്നിംഗ്സുകളില്‍ നാല് അര്‍ദ്ധ സെഞ്ചുറികളോടെ 149.22 സ്ട്രൈക്ക് റേറ്റില്‍ 573 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്. വരുന്ന മെഗാലേലത്തില്‍ എന്തായാലും ടീം നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പരാഗ്.

Related Articles

Back to top button