Cricket

സഞ്ജു ഈ സീസണില്‍ കടുത്ത സ്വാര്‍ത്ഥനായിരുന്നു !! അശ്വിന്‍ പറയുന്നതിങ്ങനെ

മൂന്നു വര്‍ഷത്തിനിടെയുള്ള രണ്ടാം ഐപിഎല്‍ ഫൈനല്‍ ലക്ഷ്യമാക്കിയാണ് സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും ഇന്ന് ചെന്നൈ ചെപ്പോക്കില്‍ ഇറങ്ങുന്നത്.

ഈ സീസണില്‍ വിക്കറ്റ് കീപ്പറായും ബാറ്ററായും നായകനായും ഉജ്ജ്വല പ്രകടനം നടത്തുന്ന സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന് ഇത്തവണ കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമില്ല.

രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. ഈ സീസണില്‍ ഇതുവരെ 521 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.

52.10 എന്ന മികച്ച ശരാശരിയും 155.52 പ്രഹരശേഷിയും താരത്തിനുണ്ട്. ഒരു പതിറ്റാണ്ടായി ലീഗിലുണ്ടെങ്കിലും സ്ഥിരതയില്ലാത്ത താരം എന്ന പേരുദോഷം സഞ്ജുവിനുണ്ടായിരുന്നു.

എന്നാല്‍ അതിന്റെ എല്ലാ കേടും തീര്‍ക്കുന്ന പ്രകടനമാണ് ഇത്തവണ താരം പുറത്തെടുത്തത്. എന്നിരുന്നാലും, ഈ സീസണില്‍ താന്‍ സ്വാര്‍ത്ഥതയോടെയാണ് കളിച്ചതെന്ന് സാംസണ്‍ വിശ്വസിക്കുന്നുവെന്നാണ് ടീമിലെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ വെളിപ്പെടുത്തുന്നത്.

”സഞ്ജു, നിങ്ങള്‍ അവനോട് ചോദിച്ചാല്‍, ഈ വര്‍ഷം താന്‍ വളരെ സ്വാര്‍ത്ഥതയോടെയാണ് കളിക്കുന്നതെന്ന് അവന്‍ പറയും, പക്ഷേ അവന്‍ 155.52ല്‍ സ്ട്രൈക്ക് റേറ്റിലാണ് കളിച്ചത്” റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ എലിമിനേറ്റര്‍ വിജയത്തിനു ശേഷം അശ്വിന്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

”ഈ വര്‍ഷം സഞ്ജു സാംസണില്‍ നിന്ന് ഞങ്ങള്‍ക്ക് വേണ്ടത് അതാണ്, ഞാന്‍ അവനെ ഓര്‍ത്ത് വളരെ സന്തോഷവാനാണ്, അവന്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. അതിനാല്‍ ഇത് ഒരു മികച്ച ഗ്രൂപ്പാണ്.” അശ്വിന്‍ പറഞ്ഞു.

കൂടാതെ റിയാന്‍ പരാഗും ജയ്സ്വാളും പോലെ ഉള്ള താരങ്ങളെയും അഭിനന്ദിച്ച അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റിയാന്‍ പരാഗ് മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ കൂടി പഠിക്കണം എന്നും ഉപദേശിച്ചു.

സീസണില്‍ ആദ്യത്തെ ഒമ്പതു മത്സരങ്ങളില്‍ എട്ടിലും വിജയിച്ച രാജസ്ഥാന്‍ ടേബിള്‍ ടോപ്പറായി ലീഗ് ഘട്ടം പിന്നിടുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീടുള്ള നാലു മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും അവസാന മത്സരം മഴമൂലം ഉപേക്ഷിക്കുകയും കൂടി ചെയ്തതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

എന്നാല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിച്ച് അവര്‍ ശക്തമായി തിരിച്ചു വരികയായിരുന്നു.

Related Articles

Back to top button