Cricket

സഞ്ജു രോഹിത് ശര്‍മയുടെ ഫൈനലിലേക്കുള്ള ബ്രഹ്‌മാസ്ത്രമോ ? യൂസഫ് പത്താന്റെ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍

ട്വന്റി20 ലോകകപ്പില്‍ നാളെ ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത് ഒരേയൊരു ചോദ്യം. സഞ്ജു സാംസണ്‍ ഫൈനലില്‍ കളിക്കുമോ ?

ടൂര്‍ണമെന്റിലെ പരാജയമറിയാത്ത രണ്ടു ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ തീപാറുന്ന പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ ഫൈനലില്‍ കളിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതിനകം കളത്തിലിറങ്ങിയ ഏഴു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. സഞ്ജുവിനു പകരം ടീമില്‍ ഇടംനേടിയിട്ടുള്ള ശിവം ദുബെ ശരാശരിയില്‍ താഴ്ന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്.

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ദുബെയെ മാറ്റി സഞ്ജുവിന് അവസരം നല്‍കിയാല്‍ അതില്‍ അതിശയിക്കാനില്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന്റെ കരിയറെടുത്താല്‍ അദ്ദേഹത്തിനു വളരെ മികച്ച റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ളത്.

ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും ഏകദിനത്തില്‍ പലപ്പോഴും അവരെ വെള്ളം കുടിപ്പിക്കാന്‍ മലയാളി താരത്തിനു സാധിച്ചിട്ടുണ്ട്.

സഞ്ജുവിന്റെ കരിയറിലെ ഏക അന്താരാഷ്ട്ര സെഞ്ചുറി പിറന്നത് ദക്ഷിഫ്രിക്കയുമായുള്ള ഏകദിനത്തിലാണ്. അതും അവരുടെ മണ്ണില്‍ വച്ച്. കൂടാതെ അദ്ദേഹത്തിന്റെ മൂന്ന് അര്‍ധ സെഞ്ചുറികളിലൊന്നും പ്രോട്ടിയാസിനെതിരേ തന്നെയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആറു മത്സരങ്ങളില്‍ നിന്നും അഞ്ചിന്നിംഗ്‌സുകളിലായി 238 റണ്‍സാണ് സഞ്ജു അടിച്ചെടുത്തിട്ടുള്ളത്. 119 എന്ന ഗംഭീര ശരാശരിയാണ് അവര്‍ക്കെതിരേ താരത്തിനുള്ളത്.

2022ല്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യന്‍ പര്യടനത്തിനെത്തിയപ്പോഴാണ് ലഖ്നൗവില്‍ നടന്ന കളിയില്‍ സഞ്ജു അപരാജിത ഫിഫ്റ്റി കുറിച്ചത്. റണ്‍ചേസില്‍ ബാറ്റിംഗ് ലൈനപ്പിലെ മറ്റുള്ളവര്‍ ഫ്ളോപ്പായപ്പോള്‍ അദ്ദേഹം ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു.

പുറത്താവാതെ 86 റണ്‍സാണ് സഞ്ജു അന്നു നേടിയത്. കളി ഇന്ത്യ തോറ്റെങ്കിലും സഞ്ജുവിന്റെ ഈ ഇന്നിങ്സ് അന്ന് ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.

അതിനു ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹം കന്നി സെഞ്ചുറി നേടിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ നിര്‍ണായകമായ അവസാന കളിയിലാണ് കെഎല്‍ രാഹുല്‍ നയിച്ച ഇന്ത്യക്കു വേണ്ടി സഞ്ജു സെഞ്ചുറി കണ്ടെത്തിയത്.

108 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഈ മല്‍സരത്തില്‍ ജയിച്ച് ഇന്ത്യ 2-1നു പരമ്പരയും കൈക്കലാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു.

ട്വന്റി20യില്‍ അവര്‍ക്കെതിരേ കളിച്ചിട്ടില്ലെങ്കിലും ഏകദിനത്തില്‍ അവര്‍ക്കെതിരേ മികച്ച റെക്കോഡുള്ള സഞ്ജുവിനെ കളത്തിലിറക്കാന്‍ രോഹിത് ശര്‍മയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.

എന്നാല്‍ സൂപ്പര്‍ എട്ടിലും സെമിയിലുമെല്ലാം ഒരേ ഇലവനെ തന്നെ പരീക്ഷിച്ച രോഹിത് വിന്നിംഗ് കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ സഞ്ജുവിന് നിരാശയായിരിക്കും ഫലം.

അതേ സമയം 2007 ലോകകപ്പിന്റെ ഫൈനലില്‍, ഒരു രാജ്യാന്തര മത്സരം പോലും കളിക്കാത്ത യൂസഫ് പത്താനെ ധോണി പരീക്ഷിച്ചതു പോലെ രോഹിത് സഞ്ജുവിനെ ഫൈനലില്‍ കളത്തിലിറക്കിയേക്കുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

Related Articles

Back to top button