Cricket

ദുബെ പുറത്തേക്ക്, സഞ്ജു അകത്തേക്ക് !! മണിക്കൂറുകളോളം പരിശീലനം നടത്തി സഞ്ജു; പുറത്തു വരുന്നത് നിര്‍ണായക വിവരങ്ങള്‍

ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ രണ്ടാം ജയത്തിനായി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. രാത്രി എട്ടിന് ആന്റിഗ്വ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം.

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് നീലപ്പട.

ഇന്ന് ബംഗ്ലാദേശിനെതിരേ വിജയം നേടിയാല്‍ സെമിയിലേക്ക് ഒരു ചുവടു കൂടി ഇന്ത്യയ്ക്ക് അടുക്കാനാവും. ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ കരുത്ത്.

ഉജ്ജ്വല ഫോമില്‍ പന്തെറിയുന്ന ബുംറ ഏതൊരു ബാറ്റിംഗ് നിരയുടെയും പേടിസ്വപ്‌നമാണ്. എന്നാല്‍ ബാറ്റിംഗിലേക്ക് വരുമ്പോഴാണ് ഇന്ത്യയ്ക്ക് ആശങ്കയേറുന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ലാത്ത രോഹിത് ശര്‍മ-വിരാട് കോഹ് ലി ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് തലവേദനയാണ്.

ഇതുകൊണ്ടുതന്നെയാണ് ഓപ്ഷണല്‍ പരിശീലന സെഷനായിട്ടും ഫോമിലെത്താത്ത ജഡേജയ്ക്കൊപ്പം കോഹ്‌ലിയും രോഹിത്തും ഇന്നലെയും ഏറെനേരം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയത്.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഒന്നും തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും, മണിക്കൂറൂകളോളം ബാറ്റിംഗ് പരിശീലനം നടത്തിയ മലയാളിതാരം സഞ്ജു സാംസണ്‍, ഫോമിലല്ലാത്ത ശിവം ദുബെയ്ക്ക് പകരം ടീമിലെത്തുമെന്നതിന്റെ സൂചനയാണിതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

സൂര്യകുമാര്‍ യാദവിന്റെയും റിഷഭ് പന്തിന്റെയും ബാറ്റിംഗാവും കളിയുടെ ഗതി നിര്‍ണയിക്കുക. മുഹമ്മദ് സിറാജിന് പകരം ടീമിലെത്തിയ കുല്‍ദീപ് യാദവ് ഇലവനില്‍ തുടരാണ് സാധ്യത.

അതേസമയം ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോടു തോറ്റ ബംഗ്ലാദേശിന് ഇത് ജീവന്മരണ പോരാട്ടമാണ്. തോറ്റാല്‍ അവര്‍ പുറത്താവും.

തരക്കേടില്ലാത്ത ബൗളിംഗാണെങ്കിലും ബാറ്റിംഗ് പരാജയമാണ് ബംഗ്ലാദേശിന്റെയും പ്രശ്‌നം. എന്തായാലും ഇന്ന് സഞ്ജു കളത്തിലിറങ്ങിയേക്കുമെന്നു തന്നെയാണ് സൂചന.

Related Articles

Back to top button