Cricket

യുഎസിനെതിരായ മത്സരം !! പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; പ്രതീക്ഷയോടെ മലയാളികള്‍

ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പി എയിലെ മത്സരത്തില്‍ ഇന്ന് ഇന്ത്യ യുഎസ്എയെ നേരിടുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് അന്തിമ ഇലവനിലേക്കാണ്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിന്നിംഗ് കോമ്പിനേഷന്‍ തകര്‍ക്കാനിഷ്ടപ്പെടുന്നില്ലെങ്കിലും ബാറ്റിംഗ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെ ഒഴിവാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.

ശിവം ദുബെ ഫോമിലല്ലാത്തതിനാല്‍, സൂപ്പര്‍ 8 ഘട്ടത്തിന് മുമ്പ് സഞ്ജു സാംസണ് ഒരു അവസരം നല്‍കാനായിരിക്കും രോഹിതും ദ്രാവിഡും ശ്രമിക്കുക.

മത്സരം നടക്കുന്ന ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിംഗ് അതീവ ദുഷ്‌കരമാണെന്ന് ഇതിനോടകം നടന്ന മത്സരങ്ങള്‍ തെളിയിച്ചു.

പിച്ചിന്റെ സ്വഭാവം മനസ്സിലാകാതെ അശ്രദ്ധയോടെ ബാറ്റ് വീശിയാല്‍ ടീം തകര്‍ന്നടിയുമെന്നുറപ്പാണ്. പാക്കിസ്ഥാനെതിരെ 89/3 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 119ന് ഓള്‍ഔട്ടായത്.

വെറും 30 റണ്‍സ് എടുക്കുന്നതിനിടയില്‍ അവസാന ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യന്‍ ടീം ഗൗരവത്തോടെ കാണുന്നുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായക പ്രകടനം നടത്തിയ റിഷഭ് പന്തിനെ എന്തായാലും ഒഴിവാക്കാനിടയില്ല. അതിനാല്‍ തന്നെ സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായി ഈ ലോകകപ്പില്‍ കളിക്കാനായേക്കില്ല.

അതേ സമയം ശിവം ദുബെയ്ക്ക് ഇതുവരെ താളം കണ്ടെത്താനായില്ല. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ പിടിച്ചു നില്‍ക്കാന്‍ താരം ബുദ്ധിമുട്ടുന്ന കാഴ്ചയാണ് പരിശീലന മത്സരത്തിലും കഴിഞ്ഞ മത്സരത്തിലുമെല്ലാം കണ്ടത്.

അതിനാല്‍ തന്നെ ദുബെയെ ചിലപ്പോള്‍ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഥവാ ഒരു അവസരം കൂടി ദുബെയ്ക്ക് നല്‍കാനാണ് പദ്ധതിയെങ്കില്‍ സഞ്ജുവിന് കാത്തിരിപ്പ് തുടരേണ്ടി വരും.

എന്തായാലും ഗ്രൂപ്പ് ഘട്ടത്തില്‍ കളത്തിലിറങ്ങാത്ത താരങ്ങളെ സൂപ്പര്‍ എട്ടില്‍ കളിപ്പിക്കാനുള്ള സാധ്യത കുറവാണെന്നിരിക്കെ സഞ്ജുവിന് ഈ മത്സരത്തില്‍ അവസരം നല്‍കേണ്ടത് അത്യാവശ്യവുമാണ്.

Related Articles

Back to top button