Cricket

പാക്കിസ്ഥാനെതിരേ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയോ ? അങ്ങനെയെങ്കില്‍ സഞ്ജുവിനും കോളടിക്കും

അയര്‍ലന്‍ഡിനെതിരായ ഉജ്ജ്വല വിജയത്തിനിടയിലും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന ഏക കാര്യം നായകന്‍ രോഹിത് ശര്‍മയ്ക്ക് മത്സരത്തിനിടെയേറ്റ പരിക്കാണ്.

മത്സരത്തിനിടെ കൈയ്യില്‍ പന്തു കൊണ്ട രോഹിത് ഇതേത്തുടര്‍ന്ന് കയറിപ്പോവുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടി ടീമിനെ വിജയത്തിനടുത്തെത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്.

അതേ സമയം പാക്കിസ്ഥാനെതിരേ ജൂണ്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ രോഹിത് കളിക്കുമോയെന്ന കാര്യമാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്

ബാറ്റ് ചെയ്യവെ എട്ടാം ഓവറില്‍ ജോഷ്വ ലിറ്റില്‍ എറിഞ്ഞ ബോള്‍ അദ്ദേഹത്തിന്റെ കൈയില്‍ കൊള്ളുകയായിരുന്നു. 10ാം ഓവറിനു ശേഷം വേദന കാരണം രോഹിത് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുയും ചെയ്തു. തുടര്‍ന്ന് ടീം ഫിസിയോയും ഗ്രൗണ്ടിലേക്കു വരികയായിരുന്നു.

ഒടുവില്‍ ബാറ്റിംഗ് തുടരാതെ പിന്‍മാറാന്‍ രോഹിത് തീരുമാനിക്കുകയുമായിരുന്നു. പരിക്ക് അത്ര സാരമുള്ളതല്ലെന്ന് രോഹിത് പറഞ്ഞിട്ടുണ്ടെങ്കിലും പാക്കിസ്ഥാനെതിരേ അദ്ദേഹം കളിക്കുമോയെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തതയില്ല.

എന്നാല്‍ രോഹിതിന് പാക്കിസ്ഥാനെതിരായ മത്സരം നഷ്ടമായാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അഴിച്ചുപണി വേണ്ടിവരും.

പാക്കിസ്ഥാനെതിരേ രോഹിത്തിനെ നഷ്ടമായാല്‍ ഓപ്പണറെ മാത്രമല്ല ക്യാപ്റ്റനെ കൂടിയാണ് ഇന്ത്യക്കു നഷ്ടമാവുക. രോഹിത്ത് ഇല്ലെങ്കില്‍ സ്വാഭാവികമായും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇന്ത്യയെ നയിക്കുക.

അതേസമയം ഓപ്പണിംഗിലേക്ക് പുതിയൊരാളെ കൊണ്ടു വരേണ്ടി വരും അയര്‍ലന്‍ഡിനെതിരേ ഇറങ്ങിയ ഇലവനില്‍ ഓപ്പണര്‍ ആകാന്‍ പറ്റിയ വേറെ താരങ്ങളില്ല.

നിലവില്‍ ടീമിലുള്ള സ്പെഷ്യലിസ്റ്റ് ഓപ്പണര്‍ യുവതാരം യശസ്വി ജയ്സ്വാളാണ്. അത്ര മികച്ച ഫോമില്‍ അല്ലാത്തതു കൊണ്ടു മാത്രമാണ് വിരാട് കോഹ് ലിയെ ഓപ്പണിംഗിലേക്ക് കൊണ്ടു വന്നത്.

ഐപിഎല്ലില്‍ ഓപ്പണറായി മികച്ച പ്രകടനമാണ് കോഹ് ലി കാഴ്ച വച്ചതെങ്കിലും കഴിഞ്ഞ മത്സരത്തില്‍ അഞ്ചു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രം നേടി അദ്ദേഹം പുറത്താവുകയായിരുന്നു.

എന്നിരുന്നാലും പാക്കിസ്ഥാനെതിരേ ഓപ്പണറായി കോഹ് ലി തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. പിന്നെയുള്ള ഓപ്പണിംഗ് ചോയ്‌സുകള്‍ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളുമാണ്.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിനെ ഓപ്പണ്‍ ചെയ്യിപ്പിച്ചത് ബാക്കപ്പ് ഓപ്പണര്‍ എന്ന സാധ്യത മനസ്സില്‍ കണ്ടുകൊണ്ടാണെന്നത് വ്യക്തം.

എന്തായാലും ജയ്‌സ്വാളിനേക്കാള്‍ ടീം പരിഗണന നല്‍കുക ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനു തന്നെയാകും.

രോഹിത്തിനു പകരം പുതിയ ഓപ്പണറെത്തുമ്പോള്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തന്നെ തുടരും. അഞ്ചാം നമ്പറില്‍ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ തുടരാനാണ് സാധ്യത. കഴിഞ്ഞ മല്‍സരത്തില്‍ താരം കാര്യമായി പരീക്ഷിക്കപ്പെട്ടിരുന്നില്ല. ആറ് മുതല്‍ എട്ടു വരെയുള്ള സ്ഥാനങ്ങളില്‍ ഹാര്‍ദിക്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തും.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നീ മൂന്നു പേസര്‍മാരെയാണ് ഐറിഷ് ടീമിനെതിരേ ഇറക്കിയത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തിരുന്നു. പാക്കിസ്ഥാനെതിരേയും ഇതേ ഫോര്‍മുല തുടരായിരിക്കും ഇന്ത്യ തീരുമാനിക്കുക.

സ്പിന്നിന് അനുകൂലമായ പിച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ സിറാജിനു പകരം കുല്‍ദീപിനെ ഉള്‍പ്പെടുത്തിയേക്കും. നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രോഹിത് പാക്കിസ്ഥാനെതിരേ കളിക്കുമെന്നു തന്നെയാണ് വിവരം.

Related Articles

Back to top button