Cricket

ഈ ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഇനി കളിക്കുമോ ? പാക്കിസ്ഥാനെതിരേ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ആരാധകര്‍

ട്വന്റി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തോടെ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് ഏകദേശം വെളിവായിരിക്കുകയാണ്.

രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗില്‍ കോഹ് ലി ഇറങ്ങിയതോടെ യശസ്വി ജയ്‌സ്വാളിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു എന്നു വേണം പറയാന്‍.

മൂന്നാമനായി ഇറങ്ങി കളം നിറഞ്ഞു കളിച്ച റിഷഭ് പന്ത് സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അതു കഴിഞ്ഞാല്‍ സൂര്യ കുമാര്‍ യാദവ്. അതുകഴിഞ്ഞാല്‍ നാല് ഓള്‍റൗണ്ടര്‍മാരാണിറങ്ങുന്നത്.

ശിവം ദുബൈ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിങ്ങനെ ബാറ്റുകൊണ്ടും ബോളുകണ്ടും തിളങ്ങാനാവുന്ന താരങ്ങള്‍ ടീമിന് കൂടുതല്‍ സന്തുലത നല്‍കുന്നു.

എന്നാല്‍ ഇത്രയൊക്കെയായിട്ടും മലയാളി ക്രിക്കറ്റ് ആരാധകര്‍ അത്ര ഹാപ്പിയല്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാസണെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താഞ്ഞതാണ് അവരുടെ നിരാശയ്ക്ക് കാരണം.

ഓപ്പണ്‍ ചെയ്യാന്‍ കോഹ്‌ലി – രോഹിത് സഖ്യമെത്തിയാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരമുണ്ടായത് നാല് ഓള്‍റൗണ്ടര്‍മാര്‍. അതിലാവട്ടെ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഒരോവര്‍ വീതമാണ് എറിഞ്ഞത്. ദുബെ പന്തെറിഞ്ഞതുമില്ല.

സഞ്ജുവിനു പകരം വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനം പിടിച്ച റിഷഭ് പന്ത് ഒരിക്കല്‍ കൂടി അവസരം ഉപയോഗപ്പെടുത്തി.
ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 26 പന്തില്‍ 36 റണ്‍സാണ് പന്ത് നേടിയത്.

സന്നാഹമത്സരത്തില്‍ പന്ത് അര്‍ധ സെഞ്ചുറി നേടിയിരുന്നു. അതോടെ അയര്‍ലന്‍ഡിനെതിരായ മത്സരത്തിന് പന്ത് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ തന്നെ പന്ത് മികച്ച പ്രകടനം പുറത്തെടുത്തതോടെ സഞ്ജു ഇനി ഗാലറിയിലിരുന്ന് കളി കണ്ടാല്‍ മതിയെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

അതേ സമയം പാക്കിസ്ഥാനെതിരേ സഞ്ജുവിനെ കളിപ്പിക്കണമെന്ന് പറയുന്നവരുമുണ്ട്. ഞായറാഴ്ച്ചയാണ് പാകിസ്ഥാനെതിരായ പോരാട്ടം.

Related Articles

Back to top button