Cricket

സഞ്ജുവിന് പിഴശിക്ഷ വിധിച്ചത് നീതിയോ ? ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപണം

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദ പുറത്താകലിനു പിന്നാലെ അംപയര്‍മാരുമായി തര്‍ക്കിച്ച രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് പിഴ ശിക്ഷ വിധിച്ച് ബിസിസിഐ.

ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് മലയാളി താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് സഞ്ജുവിന്റെ വിവാദ പുറത്താകല്‍ നടക്കുന്നത്.

46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്.

പതിനഞ്ചാം ഓവറിലെ മുകേഷ് ശര്‍മയുടെ നാലാം പന്ത് സഞ്ജു ലോംഗ് ഓണിലേക്ക് പറത്തിയെങ്കിലും പന്ത് ബൗണ്ടറിയില്‍ ഷായി ഹോപ്പ് പന്ത് കൈയ്യിലൊതുക്കുകയായിരുന്നു.

എങ്കിലും ക്യാച്ച് പൂര്‍ത്തിയാക്കിയ ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തുവെന്ന സംശയം ഉയര്‍ന്നു. റീപ്ലേകളിലും ബൗണ്ടറി ലൈന്‍ ഇളകുന്നതായി സംശയമുയര്‍ന്നു.

പക്ഷെ തേര്‍ഡ് അംപയര്‍ കൂടുതല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ വിക്കറ്റെന്ന് വിധിച്ചു. അംപയര്‍മാരുമായി തര്‍ക്കിച്ചെങ്കിലും സഞ്ജുവിന് ഒടുവില്‍ മടങ്ങേണ്ടി വന്നു. സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സ് 20 റണ്‍സ് അകലത്തില്‍ തോല്‍വി വഴങ്ങുകയും ചെയ്തു.

അതേ സമയം വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ബോള്‍ വൈഡ് ആണോ അല്ലയോ എന്ന് നോക്കാന്‍ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎല്‍ മത്സരത്തില്‍ നിര്‍ണായക സമയത്തെ വിക്കറ്റ് പരിശോധിക്കാന്‍ തിടുക്കം കാട്ടി എന്ന പരാതിയും വ്യാപകമാണ്.

Related Articles

Back to top button