Cricket

സഞ്ജു സാംസണ്‍ സ്വന്തം ടീമിന് വാങ്ങാനൊരുങ്ങുന്നു; കൂട്ടിന് ഡാരെന്‍ സമി!! കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ടീമിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഐപിഎല്‍ മാതൃകയിലുള്ള ഫ്രാഞ്ചൈസി ലീഗിലാണ് സഞ്ജു ഉടമ ആകുന്നത്. തിരുവനന്തപുരം ആസ്ഥാനമായ ഫ്രാഞ്ചൈസിയെ സ്വന്തമാക്കാനാണ് നീക്കം.

വിന്‍ഡീസില്‍ വേരുകളുള്ള മലയാളി വ്യവസായിയും വിന്‍ഡീസ് കോച്ച് ഡാരെന്‍ സമിയും ഫ്രാഞ്ചൈസി ഉടമസ്ഥതയില്‍ ഒപ്പമുണ്ടാകും. ലോകകപ്പിനിടെ വിന്‍ഡീസില്‍ വച്ച് പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. ഈ മാസം അവസാനത്തോടെ ടീം ലേലം കൊച്ചിയിലോ തിരുവനന്തപുരത്തോ നടന്നേക്കും.

കൊച്ചി ടീമിനെ സ്വന്തമാക്കാന്‍ രംഗത്തുള്ളത് മുത്തൂറ്റ് ഫിന്‍കോര്‍പ് ആണ്. ലീഗില്‍ പങ്കെടുക്കുന്ന ആറു ടീമുകള്‍ക്കായി 12ഓളം കമ്പനികളാണ് താല്പര്യമറിയിച്ച് രംഗത്തുള്ളത്. ഉടമയെന്ന നിലയില്‍ സഞ്ജുവിന്റെ വരവ് ലീഗിന് കൂടുതല്‍ താരത്തിളക്കം സമ്മാനിക്കുമെന്നാണ് കരുതുന്നത്. ചില സെലിബ്രിറ്റികളും ടീമുകളെ സ്വന്തമാക്കാനായി രംഗത്തുണ്ടെന്നാണ് വിവരം.

സൂപ്പര്‍ ലീഗ് കേരളയില്‍ അടുത്തിടെ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ടീമിനെ സ്വന്തമാക്കിയിരുന്നു. കൊച്ചി ആസ്ഥാനമായ ടീമിന്റെ ഓഹരികളായിരുന്നു പൃഥ്വി വാങ്ങിയത്. സമാന രീതിയിലുള്ള നിക്ഷേപങ്ങള്‍ സിനിമരംഗത്തു നിന്നും ക്രിക്കറ്റ് ലീഗിലും ഉണ്ടായേക്കാം.

സ്റ്റാര്‍ സ്പോര്‍ട്സാണ് ലീഗിന്റെ ടി.വി സംപ്രേക്ഷണം സ്വന്തമാക്കിയിരിക്കുന്നത്. ഫാന്‍കോഡ് ആണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം. സംസ്ഥാനങ്ങളിലെ ഐ.പി.എല്‍ മാതൃകയിലുള്ള ലീഗുകള്‍ക്ക് തുടക്കമിട്ടത് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനായിരുന്നു.

കേരള ലീഗിന്റെ പ്രഥമ സീസണിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാകും വേദിയാകുക. ദിവസവും രണ്ട് മല്‍സരങ്ങള്‍ വീതം നടക്കും. രണ്ടാം മല്‍സരം രാത്രി 7ന് ആകും ആരംഭിക്കുക. ലീഗ് വലിയ വിജയമാകുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button