Cricket

ചരിത്ര നേട്ടത്തിനരികെ സഞ്ജു സാംസണ്‍ !! ഇന്ന് ബംഗ്ലാദേശിനെതിരേ ചിലപ്പോള്‍ അത് സംഭവിച്ചേക്കാം…

ട്വന്റി20 ലോകകപ്പിന് തിരശ്ശീലയുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ജേതാക്കളായ ഇന്ത്യയ്ക്ക് പിന്നീടൊരിക്കല്‍ കൂടി കിരീടം ചൂടാന്‍ ഇതുവരെയായില്ല.

എന്നാല്‍ ശക്തമായ സ്‌ക്വാഡുമായി ഇത്തവണ ലോകകപ്പിനെത്തിയിരിക്കുന്ന രോഹിത് ശര്‍മയ്ക്കും സംഘത്തിനും കിരീടത്തില്‍ കുറഞ്ഞൊന്നും തന്നെ ലക്ഷ്യമില്ല.

ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതേസമയം ലോകകപ്പിനു മുന്നോടിയായുള്ള ഏക സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.

നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തില്‍ ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള ഈ മത്സരത്തില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു കിടിലന്‍ നേട്ടമാണ്. മത്സരത്തില്‍ രണ്ടു
സിക്സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്സുകള്‍ എന്ന നാഴികക്കല്ല് പിന്നിടാന്‍ സഞ്ജുവിനാവും.

273 മത്സരങ്ങളില്‍ നിന്ന് 298 സിക്‌സറുകളാണ് ഇതുവരെ സഞ്ജു പറത്തിയത്. രണ്ട് സിക്സുകള്‍ കൂടി നേടിയാല്‍ ട്വന്റി20യില്‍ 300 നേടുന്ന ഏഴാമത്തെ മാത്രം ഇന്ത്യന്‍ താരമായി സഞ്ജു മാറും.

261 ട്വന്റി20 ഇന്നിംഗ്‌സുകളില്‍ നിന്നും മൂന്ന് സെഞ്ചുറികളും 45 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

510 സിക്‌സുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാമന്‍. 409 സിക്‌സുമായി വിരാട് കോഹ് ലി രണ്ടാം സ്ഥാനത്തുണ്ട്. എം.എസ് ധോണി(338), സുരേഷ് റെയ്‌ന(325), സൂര്യകുമാര്‍ യാദവ്(312), കെ.എല്‍ രാഹുല്‍(311) എന്നിവരാണ് സഞ്ജുവിനു മുമ്പിലുള്ളത്.

കിരീടം നേടാനായില്ലെങ്കിലും മികച്ച ഒരു ഐപിഎല്‍ സീസണു ശേഷമാണ് സഞ്ജു സാംസണ്‍ ലോകകപ്പിനെത്തിയിരിക്കുന്നത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ രാജസ്ഥാനെ രണ്ടാം ക്വാളിഫയര്‍ വരെ എത്തിക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നു.

ബാറ്റിംഗിലും മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. അഞ്ച് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 531 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ അഞ്ചാമതെത്താനും സഞ്ജുവിനു കഴിഞ്ഞു. 153.47 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

സഞ്ജുവിന്റെ ഈ ഫോം ലോകകപ്പില്‍ ഇന്ത്യന്‍ ജേഴ്സിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യന്‍ ടീമിന്റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ആകാന്‍ റിഷഭ് പന്ത് പന്ത് ആകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായായിരിക്കും സഞ്ജുവിനെ കളിപ്പിക്കുക.

Related Articles

Back to top button