Cricket

ശിവം ദുബെയെ കളിപ്പിക്കേണ്ട കാര്യമില്ല !! പാക്കിസ്ഥാനെതിരേ സഞ്ജുവിനെ കളത്തിലിറക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി മുന്‍താരം

ട്വന്റി20 ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം.

റണ്‍സ് നേടുക അതീവ ദുഷ്‌കരമായ പിച്ചില്‍ ടോസ് നിര്‍ണായകമാകാനാണ് സാധ്യത. ടൂര്‍ണമെന്റില്‍ ഇതുവരെ ഈ പിച്ചില്‍ 150 റണ്‍സ് പോലും പിന്നീടാന്‍ ഒരു ടീമുകള്‍ക്കും കഴിഞ്ഞിട്ടില്ല.

ആദ്യ രണ്ട് കളികളിലും 100 റണ്‍സ് പോലും പിറക്കാതിരുന്ന ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം കാനഡ നേടിയ 137 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

അയര്‍ലന്‍ഡിനെതിരെ കളിച്ച ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് വാദിക്കുന്നുവരുണ്ട്.

ഇക്കൂട്ടത്തിലൊരാളാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

”സഞ്ജു ടീമില്‍ വരണമെന്നാണ് ഞാന്‍ പറയുന്നത്. ശിവം ദുബെ പന്തെറിയുന്നില്ലെങ്കില്‍ എന്തായാലും സഞ്ജു കളിക്കണം. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു. പക്വതയേറിയ താരമാണ് ഇപ്പോള്‍ അദ്ദേഹം.

ദുബെയുടെ ബൗളിംഗ് ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ദുബെയേക്കാള്‍ സാങ്കേതിക തികവുള്ള ബാറ്ററാണ് സഞ്ജു. സ്പിന്നിനെതിരെ അപാര ടൈമിംഗോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കും. മാത്രമല്ല, പാക് പേസര്‍മാര്‍ക്കെതിരെ സഞ്ജുവിന്റെ പുള്‍ ഷോട്ടുകളും ഗുണം ചെയ്യും.” മഞ്ജരേക്കര്‍ വ്യക്തമാക്കി.

പേസര്‍മാര്‍ക്ക് അനുകൂലമാണ് നാസോ കൗണ്ടിയിലെ സ്‌റ്റേഡിയത്തിലെ പിച്ചെന്നതിനാല്‍ അയര്‍ലന്‍ഡിനെതിരേ കളിച്ച ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്,അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. നാലാം പേസറായി ഹാര്‍ദിക് പാണ്ഡ്യ കൂടി എത്തുന്നതോടെ ഇന്ത്യന്‍ നിര അതിശക്തമാവും.

കഴിഞ്ഞ ടീമില്‍ മാറ്റത്തിന് ഏക സാധ്യതയുള്ള സ്ഥാനം ശിവം ദുബെയുടേതാണ്. സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍മാരായ ജഡേജയും അക്ഷര്‍ പട്ടേലും സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പാണ്.

ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ/സഞ്ജു സാംസണ്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, റിഷഭ് പന്ത്,അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Related Articles

Back to top button