Cricket

സന്ദീപ് ശര്‍മയും മായങ്ക് യാദവുമില്ല…പകരം അര്‍ഷ്ദീപും സിറാജും!! അഭിഷേക് ശര്‍മയും റിയാന്‍ പരാഗുമൊക്കെ എന്ന് ലോകകപ്പ് കളിക്കും

അങ്ങനെ ഏവരും കാത്തിരുന്ന ഇന്ത്യന്‍ ലോകകപ്പ് ടീം പ്രഖ്യാപനം എത്തിയിരിക്കുകയാണ്. കെ.എല്‍ രാഹുലൊഴികെയുള്ള സൂപ്പര്‍താരങ്ങളെല്ലാം ടീമിലിടം നേടുകയും ചെയ്തു.

യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണ്‍ ചെയ്യുന്ന ടീമിന്റെ ടോപ് ഓര്‍ഡറില്‍ വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇടംപിടിച്ചു.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജു സാംസണും റിഷഭ് പന്തുമാണുള്ളത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍, പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ സ്ഥാനത്ത് പാണ്ഡ്യയെ കൂടാതെ ശിവം ദുബെയും സ്ഥാനം പിടിച്ചിട്ടുണ്ട്.

സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ടീമിലിടം കണ്ടെത്തി. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായപ്പോള്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍.

റിസര്‍വ് താരങ്ങളായി ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍ എന്നിവരെയും ഉള്‍പ്പെടുത്തി.

ബാറ്റിംഗിലും സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും ആക്ഷേപങ്ങള്‍ക്ക് വകയില്ലാത്ത വിധമാണ് ടീം സെലക്ഷന്‍ നടന്നിരിക്കുന്നതെങ്കിലും പേസ് ബൗളിംഗിലേക്ക് വരുമ്പോള്‍ അതല്ല സ്ഥിതി.

മികച്ച ഫോമില്‍ പന്തെറിയുന്ന ബുംറയെ മാറ്റി നിര്‍ത്തിയാല്‍ ടീമിലെ മറ്റ് രണ്ട് പേസര്‍മാരായ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിംഗും സീസണില്‍ അത്ര മികച്ച പ്രകടനമല്ല നടത്തിയത്.

പത്തു മത്സരം കളിച്ച ബുംറ 18.28 ശരാശരിയിലും 6.40 എന്ന മികച്ച എക്കോണമിയിലും പന്തെറിഞ്ഞ് 14 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും ബുംറയാണ്.

അതേസമയം ടീമിലിടം പിടിച്ച മറ്റൊരു പേസറായ അര്‍ഷ്ദീപിന്റെ കാര്യമെടുക്കാം. ഒമ്പത് മത്സരങ്ങളില്‍ നിന്ന് താരം 12 വിക്കറ്റുകളാണ് നേടിയത്. ബൗളിംഗ് ശരാശരിയാവട്ടെ 25.26 ആണ്. 9.63 എന്ന വളരെ മോശം എക്കോണമിയാണ് താരത്തിനുള്ളത്.

മുഹമ്മദ് സിറാജാകട്ടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് വെറും ആറു വിക്കറ്റാണ്. ശരാശരി 53.83 ആണ്. ടൂര്‍ണമെന്റില്‍ ഏറ്റവും മോശം ശരാശരിയുള്ള പേസര്‍മാരിലൊരാളാണ് സിറാജ്. 9.50 എന്ന മോശം എക്കോണമിയും താരത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നു.

അതേസമയം മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് ഇവരെ ടീമിലെടുത്തതെന്നത് ശ്രദ്ധേയമാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ സന്ദീപ് ശര്‍മയാണ് ടീമില്‍ ഇടം പിടിക്കാതെ പോയവരില്‍ ഏറ്റവും ദൗര്‍ഭാഗ്യവാന്‍.

പരിക്ക് മൂലം സീസണില്‍ നാല് മത്സരങ്ങള്‍ മാത്രം കളിച്ച താരം എട്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. 13.37 എന്ന അതിശയകരമായ ശരാശരിയും 7.13 എന്ന മികച്ച എക്കോണമിയും താരത്തിനുണ്ട്. മുംബൈയ്‌ക്കെതിരേ 18 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ പ്രകടനം ഈ സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ്.

ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷനായ മായങ്ക് യാദവാണ് ടീമില്‍ ഇടം പിടിക്കാന്‍ യോഗ്യതയുണ്ടായിരുന്ന മറ്റൊരാള്‍. പരിക്ക് മൂലം നാലു മത്സരങ്ങള്‍ മാത്രമാണ് മായങ്ക് യാദവിനും കളിക്കാനായത്. എന്നാല്‍ 12.14എന്ന മികച്ച ശരാശരിയില്‍ ഏഴു വിക്കറ്റ് നേടാന്‍ താരത്തിനായി. 6.98 എന്ന ഉജ്ജ്വല എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

ഇവരൊക്കെയാണ് ബൗളര്‍മാരിലെ നിര്‍ഭാഗ്യവാന്മാരെങ്കില്‍. റിയാന്‍ പരാഗും അഭിഷേക് ശര്‍മയുമാണ് ബാറ്റിംഗില്‍ ഇതേ അവസ്ഥ അനുഭവിക്കുന്നവര്‍.

ഒമ്പതു മത്സരങ്ങളില്‍ നിന്ന് 303 റണ്‍സാണ് അഭിഷേക് ശര്‍മ അടിച്ചു കൂട്ടിയത്. 214 എന്ന അതിശയകരമായ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 100 റണ്‍സെങ്കിലും നേടിയവരില്‍ ജേക് ഫ്രേസര്‍ മക്ഗുര്‍ക് കഴിഞ്ഞാല്‍ ഏറ്റവും സ്‌ട്രൈക്ക് റേറ്റുള്ളത് അഭിഷേകിനാണ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളില്‍ രണ്ടാമതാണ് താരം. 27 സിക്‌സറുകളാണ് ഈ ഇടങ്കയ്യന്‍ ബാറ്റര്‍ ഗാലറിയിലേക്ക് പറത്തിയത്. 22 ഫോറുകളും നേടി.

ഈ ടൂര്‍ണമെന്റില്‍ എല്ലാവരെയും ഞെട്ടിച്ച താരമാണ് റിയാന്‍ പരാഗ്. രാജസ്ഥാനായി ചില മത്സരങ്ങള്‍ താരം ഒറ്റയ്ക്ക് ജയിപ്പിക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു. എട്ടിന്നിംഗ്‌സുകളില്‍ നിന്ന് 55.33 എന്ന മികച്ച ശരാശരിയിലും 159.61 എന്ന സ്‌ട്രൈക്ക് റേറ്റിലും 332 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. 21 സിക്‌സറുകളും 22 ഫോറുകളുമാണ് താരം ഇതുവരെ നേടിയത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രം ടീമിലിടം നേടിയ രോഹിത് ശര്‍മയും ലോക ഒന്നാം നമ്പര്‍ ട്വന്റി20 ബാറ്ററായ സൂര്യകുമാര്‍ യാദവും ഈ സീസണില്‍ നടത്തിയ പ്രകടനങ്ങളെ അപേക്ഷിച്ച് എത്രയും ഭേദപ്പെട്ട പ്രകടനങ്ങളാണ് അഭിഷേക് ശര്‍മയും റിയാന്‍ പരാഗും നടത്തിയിരിക്കുന്നത്. ഭാവിയില്‍ ഇരുവരും ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമെന്ന് തീര്‍ച്ചയാണ്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍.

Related Articles

Back to top button