Cricket

ചരിത്രനേട്ടവുമായി നേപ്പാള്‍ സൂപ്പര്‍താരം !! മുന്നിലുള്ളത് ഒരേയൊരാള്‍ മാത്രം

ട്വന്റി20 ലോകകപ്പില്‍ ഇന്നു നടന്ന മത്സരത്തില്‍ നേപ്പാളിനെ 21 റണ്‍സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് സൂപ്പര്‍ എട്ടില്‍ കടന്നിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.3 ഓവറില്‍ 106 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. നേപ്പാളിന്റെ മറുപടി 19.2 ഓവറില്‍ 85 റണ്‍സില്‍ അവസാനിച്ചു.

നാലോവറില്‍ ഏഴു റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത യുവപേസര്‍ തന്‍സിം ഹസന്‍ സാക്കിബും നാലോവറില്‍ ഏഴു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത മുസ്താഫിസുര്‍ റഹ്‌മാനും ചേര്‍ന്നാണ് നേപ്പാളിനെ തകര്‍ത്തത്.

അതേ സമയം ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയ നേപ്പാള്‍ ബൗളര്‍മാരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്

ക്യാപ്റ്റന്‍ രോഹിത് പൗഡല്‍, സന്ദീപ് ലാമിച്ചാനെ, സോംപാല്‍ കാമി, ദീപേന്ദ്ര സിങ് ഐരി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയതോടെയാണ് ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞത്.

മത്സരത്തില്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ 17 വിട്ടു നല്‍കി രണ്ടു വിക്കറ്റുകളാണ് ലാമിച്ചനെ നേടിയത്. ജേക്കര്‍ അലി, താന്‍സിം ഹസന്‍ സാക്കിബ് എന്നിവരെ വീഴ്ത്തിയാണ് സന്ദീപ് കരുത്തു കാട്ടിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കി. ട്വന്റി20 ക്രിക്കറ്റില്‍ 100 വിക്കറ്റുകള്‍ എന്ന പുതിയ നാഴികക്കല്ലാണ് ലാമിച്ചനെ പിന്നിട്ടത്.

ഇതോടെ ട്വന്റി20യില്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാനും സന്ദീപിന് സാധിച്ചു. 54 മത്സരങ്ങളില്‍ നിന്നുമാണ് താരം 100 വിക്കറ്റുകള്‍ നേടിയത്. 53 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ നേടിയ അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റഷീദ് ഖാനാണ് ഒന്നാമത്.

നേരത്തെ ടൂര്‍ണമെന്റില്‍ നേപ്പാളിന്റെ ആദ്യ രണ്ടു മത്സരങ്ങളും കളിക്കാന്‍ ലാമിച്ചനെയ്ക്ക് കഴിഞ്ഞില്ല. യുഎസ്എ വിസ നിഷേധിച്ചതായിരുന്നു കാരണം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ അമേരിക്കയിലെ മത്സരം കഴിഞ്ഞതോടെ അവസാനം താരത്തിന് വിസ ലഭിക്കുകയായിരുന്നു.

Related Articles

Back to top button