Cricket

അര്‍ഷ്ദീപിനെതിരായ പന്തു ചുരണ്ടല്‍ ആരോപണം !! ഇന്‍സമാം ഉള്‍ഹഖിന് ഉഗ്രന്‍ മറുപടി നല്‍കി രോഹിത് ശര്‍മ

ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിംഗിനെതിരേ പന്തു ചുരണ്ടല്‍ ആരോപണം ഉന്നയിച്ച ഇന്‍സമാം ഉള്‍ഹഖിനെതിരേ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ രംഗത്ത്.

ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ 15-ാം ഓവറില്‍ പന്ത് റിവേഴ്സ് സ്വിംഗ് ചെയ്യാന്‍ അര്‍ഷ്ദീപ് സിംഗിന് കഴിഞ്ഞുവെന്നും അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം ആണെന്നും അത് സാധ്യമാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചു എന്നുമായിരുന്നു മുന്‍ പാക് ക്യാപ്റ്റന്റെ വാദം.

”അര്‍ഷ്ദീപ് സിംഗ് 15-ാം ഓവര്‍ ബോള്‍ ചെയ്യുന്ന സമയത്ത് അയാള്‍ക്ക് റിവേഴ്സ് സ്വിംഗ് ലഭിക്കുന്നുണ്ടായിരുന്നു. താരതമ്യേന പുതിയ പന്തുവച്ച് എങ്ങനെയാണ് ഇത്ര നേരത്തേ റിവേഴ്സ് സ്വിംഗ് കണ്ടെത്താനാകുക.

12-ാം ഓവറും 13-ാം ഓവറും ആയപ്പോഴേക്കും പന്തിന് റിവേഴ്സ് സ്വിംഗ് ലഭിക്കുന്നുണ്ടായിരുന്നോ അര്‍ഷ്ദീപ് പന്തെറിയാന്‍ എത്തിയപ്പോള്‍ത്തന്നെ റിവേഴ്സ് സ്വിംഗ് ലഭിച്ചു.

ഇത്തരം കാര്യങ്ങളില്‍ അംപയര്‍മാര്‍ കണ്ണു തുറന്നുവയ്ക്കുന്നതു നല്ലതാണ്. ഇക്കാര്യം ഞാന്‍ തുറന്നു പറയുന്നതിന് ഒരു കാരണം കൂടിയുണ്ട്. പാകിസ്ഥാന്‍ താരങ്ങളാണ് ഇതു ചെയ്തതെങ്കില്‍ എന്തായിരിക്കും ബഹളം.” ഇന്‍സമാം പറഞ്ഞു.

എന്താണ് റിവേഴ്സ് സ്വിംഗ് എന്ന് നമുക്കെല്ലാം അറിയാം. അര്‍ഷ്ദീപിനേപ്പോലെ ഒരു താരത്തിന് 15-ാം ഓവറില്‍ റിവേഴ്സ് സ്വിംഗ് ലഭിക്കണമെങ്കില്‍ ആ പന്തില്‍ കാര്യമായിത്തന്നെ പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ. ഇന്‍സമാം പറയുന്നു.

എന്നാല്‍ ഇന്‍സമാമിന്റെ വാദങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ രംഗത്തു വരികയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഇന്‍സമാമിന്റെ വാദങ്ങളുടെ മുനയൊടിച്ചത്.

”ഇവിടെ വളരെ ചൂടാണ്, പിച്ചുകള്‍ വരണ്ടതാണ്. ഇവിടെ റിവേഴ്‌സ് സ്വിംഗ് ഇല്ലെങ്കില്‍, അത് എവിടെ കിട്ടും ഞങ്ങള്‍ കളിക്കുന്നത് ഇംഗ്ലണ്ടിലോ ഓസ്ട്രേലിയയിലോ അല്ല ”രോഹിത് വ്യക്തമാക്കി.

ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് അര്‍ഷ്ദീപ്. വെറും ആറ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തിയ താരം ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്.

ജസ്പ്രീത് ബുംറയ്ക്ക് അര്‍ഷ്ദീപ് നല്‍കുന്ന ഉറച്ച പിന്തുണയാണ് ഇന്ത്യന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിജയത്തിനു പിന്നിലെ പ്രധാന ഘടകം. ഇന്ന് ഗയാനയില്‍ നടക്കുന്ന സെമിഫൈനലിലും ബുംറ-അര്‍ഷ്ദീപ് പേസ് ദ്വയത്തില്‍ തന്നെയാവും ഇന്ത്യയുടെ പ്രതീക്ഷ.

Related Articles

Back to top button