Cricket

ഇവിടെ ഋഷഭ് പന്ത് എന്നൊരാളുണ്ട്, ആളെ പരിചയമുണ്ടാവില്ല അല്ലേ!! ഇംഗ്ലീഷ് താരത്തിന് രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ മറുപടി

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗിന്റെ ക്രെഡിറ്റ് ഇംഗ്ലണ്ടിനവകാശപ്പെട്ടതാണെന്നു പറഞ്ഞ ഇംഗ്ലീഷ് ഓപ്പണര്‍ ബെന്‍ ഡക്കറ്റിന് ചുട്ട മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ജയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലി ഇംഗ്ലീഷ് ടീമിന്റെ ബാസ്‌ബോളിനു സമാനമാണെന്നായിരുന്നു ഡക്കറ്റിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ക്രെഡിറ്റ് അവകാശപ്പെട്ട് ഡക്കറ്റ് വെടി പൊട്ടിച്ചത്.

എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനു മുന്‍പ് ഡക്കറ്റ് ഋഷഭ് പന്തിന്റെ ബാറ്റിംഗ് ഒന്നു കാണുന്നത് നല്ലതായിരിക്കുമെന്നാണ് രോഹിത് ശര്‍മ പറഞ്ഞത്.

”ഋഷഭ് പന്ത് എന്നൊരു താരം ഞങ്ങളുടെ ടീമില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കളി ബെന്‍ ഡക്കറ്റ് കണ്ടിരിക്കാന്‍ സാധ്യതയില്ല.” ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മ പ്രതികരിച്ചു.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ടോപ് സ്‌കോററായ ജയ്‌സ്വാള്‍ ഇതുവരെ നാലു മത്സരങ്ങളില്‍ നിന്ന് 665 റണ്‍സാണ് നേടിയിരിക്കുന്നത്.

പരമ്പരയിലുടനീളം ഏകദിന ശൈലിയിലാണ് താരം ബാറ്റ് വീശിയതും. ഇതാണ് ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ബെന്‍ ഡക്കറ്റിനെ പ്രേരിപ്പിച്ചത്.
”എതിര്‍നിരയിലെ താരങ്ങള്‍ ഇങ്ങനെ കളിക്കുമ്പോള്‍ കുറച്ചു ക്രെഡിറ്റ് നമുക്കും എടുക്കാമെന്നു തോന്നുന്നു. മറ്റുള്ളവര്‍ കളിക്കുന്നതു പോലെയല്ല ഈ ടീം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്.” എന്നാണ് ബെന്‍ ഡക്കറ്റ് മുന്‍പ് പ്രതികരിച്ചത്.

എന്നാല്‍ ജയ്‌സ്വാളിന് ഇംഗ്ലണ്ടില്‍ നിന്ന് ഒന്നും പഠിക്കേണ്ട കാര്യമില്ലെന്നും, ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ജയ്‌സ്വാളില്‍ നിന്നാണ് പഠിക്കാനുള്ളതെന്നുമായിരുന്നു മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റെ പ്രതികരണം.

ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തില്‍ സുനില്‍ ഗാവസ്‌കറെ (774) മറികടക്കാന്‍ യശസ്വി ജയ്‌സ്വാളിന് ഇനി 120 റണ്‍സ് കൂടി വേണം. ധരംശാലയില്‍ ജയ്‌സ്വാള്‍ ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 എന്ന നിലയിലാണ്. സാക് ക്രോളി(63), ജോ റൂട്ട്(3) എന്നിവരാണ് ക്രീസില്‍. ബെന്‍ ഡക്കറ്റ്(27), ഒല്ലി പോപ്(11) എന്നിവരാണ് പുറത്തായത്. കുല്‍ദീപ് യാദവിനാണ് രണ്ടു വിക്കറ്റുകളും.

Related Articles

Back to top button