Cricket

ഇന്ന് രോഹിത് ശര്‍മ അത് നേടിയാല്‍ എഴുതപ്പെടുക പുതിയ ചരിത്രം !! ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡ്

ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ സൂപ്പര്‍ എട്ട് പോരാട്ടത്തിനായി ഇന്ത്യ ഇന്നിറങ്ങും. ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

തോല്‍വിയറിയാതെയായിരുന്നു ഇന്ത്യയുടെ സൂപ്പര്‍എട്ട് പ്രവേശം. അയര്‍ലന്‍ഡ്, യുഎസ്എ, പാകിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ചപ്പോള്‍ കാനഡയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

തോല്‍വിയറിയാതെ മുന്നേറിയെങ്കിലും സൂപ്പര്‍ എട്ട് മത്സരങ്ങളെ കരുതലോടെയാണ് ഇന്ത്യ സമീപിക്കുക. ന്യൂയോര്‍ക്കിലെ പ്രതികൂല ബാറ്റിംഗ് സാഹചര്യങ്ങള്‍ കാരണം ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനങ്ങള്‍ മോശമായിരുന്നു.

എന്നിരുന്നാലും, ബാര്‍ബഡോസിലെ പിച്ച് കൂടുതല്‍ ബാറ്റിംഗ് സൗഹൃദമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഗുണം ചെയ്യും.

അയര്‍ലന്‍ഡിനെതിരെ ഉജ്ജ്വലമായ അര്‍ധസെഞ്ചുറിയോടെ തുടങ്ങിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് പക്ഷെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഫോം ആവര്‍ത്തിക്കാനായില്ല.

എന്നാല്‍ അഫ്ഗാനെതിരേ മികച്ച റെക്കോഡുള്ള രോഹിത് മികച്ച പ്രകടനം പുറത്തെടുക്കാനാവും ഇന്ന് ശ്രമിക്കുക.
അഫ്ഗാനിസ്ഥാനെതിരെ ഒരു സെഞ്ചുറിയും ഫിഫ്റ്റിയും ഉള്‍പ്പെടെ 65 ശരാശരിയില്‍ 196 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം.

ഈ മത്സരത്തില്‍ ആറു സിക്‌സറുകള്‍ നേടിയാല്‍ മറ്റൊരു നേട്ടവും താരത്തെ കാത്തിരിക്കുന്നു. രാജ്യാന്തര ട്വന്റി20യില്‍ 200 സിക്‌സര്‍ നേടുന്ന ആദ്യ ബാറ്റര്‍ എന്ന ബഹുമതിയാണത്.

മാര്‍ട്ടിന്‍ ഗപ്ടില്‍(173 സിക്‌സര്‍), ജോസ് ബട്‌ലര്‍(130) എന്നിവരാണ് പിന്നിലുള്ളത്. ഗപ്ടില്‍ വിരമിച്ചതിനാല്‍ അടുത്ത കാലത്തെങ്ങും രോഹിതിന്റെ റെക്കോഡ് ആരും മറികടന്നേക്കില്ല.

Related Articles

Back to top button