Cricket

കോഹ്‌ലിയെ ഫൈനലില്‍ പുറത്തിരുത്തുമോ !! ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ കടന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 171 റണ്‍സാണ് നേടിയത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ മറുപടി 16.4 ഓവറില്‍ 103ല്‍ അവസാനിച്ചു.

സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ടു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും നിര്‍ണായക പ്രകടനം കാഴ്ചവച്ചു. ഇന്ത്യയുടെ ഫീല്‍ഡിംഗ് മികവും ശ്രദ്ധേയമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുയെയും 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിംഗ് മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

എന്നാല്‍ സൂപ്പര്‍താരം വിരാട് കോഹ് ലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഒമ്പതു പന്തില്‍ ഒമ്പതു റണ്‍സ് നേടിയ കോഹ് ലി റീസ് ടോപ് ലിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ബാറ്റിംഗില്‍ പരാജയപ്പെട്ടതോടെ വിരാട് കോഹ്‌ലിയെ ടീമില്‍ നിന്നൊഴിവാക്കുമോയെന്ന ചോദ്യം നേരിട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

വിരാട് ഒരു ക്ലാസ് താരമാണ്. എല്ലാവരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടാവും. വിരാട് വലിയ മത്സരങ്ങളിലെ താരമാണ്. ഒരുപക്ഷേ ഫൈനലില്‍ അയാളുടെ മികവ് നമ്മുക്ക് കാണാന്‍ കഴിയുമെന്നും രോഹിത് ശര്‍മ പ്രതികരിച്ചു.

ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിരാട് കോഹ്‌ലിയുടെ പ്രകടനത്തില്‍ പ്രതികരണവുമായെത്തി. നിങ്ങള്‍ക്ക് വിരാട് കോഹ്‌ലിയെ അറിയാം. ഇത്ര വലിയ ടൂര്‍ണമെന്റില്‍ ചിലപ്പോള്‍ കുറച്ച് മത്സരങ്ങളില്‍ മോശം പ്രകടനം ഉണ്ടായേക്കും.

മത്സരത്തില്‍ കോഹ്‌ലി മികച്ചൊരു സിക്‌സ് നേടി. പിന്നാലെ ആ താളം തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ കോഹ്‌ലിയുടെ ശ്രമം തനിക്ക് ഇഷ്ടമായി. മികച്ച പ്രകടനത്തിനായി അയാള്‍ ശ്രമിക്കുന്നു.

പക്ഷേ അത് സംഭവിക്കുന്നില്ല. വരും മത്സരങ്ങളില്‍ വിരാട് വലിയ സ്‌കോറുകള്‍ നേടുമെന്നും ദ്രാവിഡ് വ്യക്തമാക്കി.

ട്വന്റി20 ലോകകപ്പില്‍ കുറഞ്ഞത് അഞ്ചിന്നിംഗ്‌സുകളെങ്കിലും കളിച്ചിട്ടുള്ള ഓപ്പണര്‍മാരില്‍ ഏറ്റവും മോശം ശരാശരിയുള്ള മൂന്നാമത്തെ താരമാണ് വിരാട്. ഈ ലോകകപ്പില്‍ 10.71 ആണ് താരത്തിന്റെ ബാറ്റിംഗ് ശരാശരി. ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാര്‍(9.60, 2016 ലോകകപ്പ്), സിംബാബ് വെയുടെ വെസ്ലി മധീവേരെ(9.80, 2022 ലോകകപ്പ്) എന്നിവര്‍ മാത്രമാണ് കോഹ് ലിയ്ക്കു മുമ്പിലുള്ളത്.

Related Articles

Back to top button