Cricket

ഇതെന്റെ അവസാനത്തേതാണ് !! ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി രോഹിത്; ഞെട്ടലോടെ ആരാധകര്‍

ഐപിഎല്ലില്‍ നിന്നുമുള്ള വിരമിക്കല്‍ സൂചന നല്‍കി മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മ.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ നടന്ന മത്സരത്തിനു മുമ്പ് ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനം നടത്തവെ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകന്‍ അഭിഷേക് നായരോട് രോഹിത് നടത്തിയ സ്വകാര്യ സംഭാഷണമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അവിടെ ഓരോന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രോഹിത് അഭിഷേകിനോട് പറയുന്നു.

രോഹിതിന്റെ വാക്കുകള്‍ ഇങ്ങനെ…ഓരോന്നായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നെ ഇതൊന്നും ബാധിക്കില്ല. അവരാണ് തീരുമാനം എടുക്കേണ്ടത്. എന്തൊക്കെ സംഭവിച്ചാലും അതെന്റെ വീടാണ് ഭായ്.

ഞാനുണ്ടാക്കിയ ക്ഷേത്രമാണത് എന്ന് പറഞ്ഞശേഷം എന്തായാലും എനിക്കെന്താ ഇതെന്റെ അവസാനത്തേതാണ്. ഇങ്ങനെ പറഞ്ഞാണ് രോഹിത് വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് നായകനായശേഷം ടീമിലുണ്ടായ മാറ്റങ്ങളെക്കുറിച്ചാണ് രോഹിത് സംസാരിക്കുന്നതെന്നും രോഹിത് ഈ സീസണൊടുവില്‍ വിരമിക്കുകയോ മുംബൈ വിട്ട് മറ്റൊരു ടീമില്‍ ചേരുകയോ ചെയ്യുമെന്നാണ് പറയുന്നതെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍.

അടുത്ത ഐപിഎല്‍ സീസണില്‍ രോഹിത് ഗൗതം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിക്കണമെന്ന് കഴിഞ്ഞ ദിവസം വസീം അക്രം പറഞ്ഞിരുന്നു.

രോഹിത് മുംബൈ വിട്ട് ചെന്നൈ ടീമിന്റെ നായകനാവണമെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. എന്തായാലും മുംബൈയ്‌ക്കൊപ്പം കളിക്കാരനെന്ന നിലയില്‍ രോഹിതിന്റെ അവസാന സീസണാണിതെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതില്‍ ടീമിലെ സീനീയര്‍ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


മുംബൈയുടെ തുടര്‍തോല്‍വികളെക്കുറിച്ചും സഹതാരങ്ങളോടുള്ള ഹാര്‍ദിക്കിന്റെ സമീപനത്തെക്കുറിച്ചും സീനിയര്‍ താരങ്ങള്‍ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

മുംബൈയുടെ തുടര്‍ തോല്‍വികളെക്കുറിച്ചും സഹതാരങ്ങളോടുള്ള ഹാര്‍ദിക്കിന്റെ സമീപനത്തെക്കുറിച്ചും രോഹിത് അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ടീം മാനേജ്‌മെന്റിനോട് പരാതിപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് രോഹിത്തിന്റെ സംഭാഷണവും പുറത്തുവരുന്നത്.


എന്തായാലും കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈ പരാജയപ്പെട്ടിരുന്നു. മഴമൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 157 റണ്‍സ് നേടിയപ്പോള്‍ മുംബൈയുടെ മറുപടി 139 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ 24 പന്തില്‍ 19 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്.

Related Articles

Back to top button